പെട്രോൾ – ഡീസൽ വില ജി.എസ് ടി യിൽ ഉൾപ്പെടുത്തണം : ഡോ.ശൂരനാട് രാജശേഖരൻ

Jaihind Webdesk
Sunday, June 13, 2021

ഇന്ധന വിലവർദ്ധനയിലൂടെ കേന്ദ്രത്തിലേയും കേരളത്തിലേയും സർക്കാരുകൾ തങ്ങളുടെ പ്രജകളുടെ പോക്കറ്റടിക്കുകയാണന്നും ക്രിക്കറ്റ് പ്രേമികൾക്ക് സെഞ്ച്വറി കാണാൻ തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെത്തിയാൽ മതിയെന്നും കെ.പി.സി.സി വൈസ് പ്രസിഡണ്ട് ഡോ. ശൂരനാട് രാജശേഖരൻ . 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം 24 തവണയാണ് പെട്രോളിനും ഡീസലിനും വില കൂട്ടുന്നത്. പെട്രോളിന്‍റെയും ഡീസലിന്‍റെയും അടിസ്ഥാന വില യഥാക്രമം 34. 19 രൂപയും 36.32 രൂപയും മാത്രമാണ്.

എന്നാൽ ഒരു ലിറ്റർ പെട്രോളിന് കേന്ദ്ര സർക്കാർ 32.90 രൂപയും ഡീസലിന് 31.80 രൂപയും ആണ് എക്സൈസ് നികുതി ആയി ജനങ്ങളുടെ പോക്കറ്റിൽ നിന്ന് അടിച്ചു മാറ്റുന്നത്. പെട്രോളിന്‍റെ സംസ്ഥാന നികുതി 30.08 ശതമാനവും ഡീസലിന് 22.76 ശതമാനവും ആണ്. ദിനം പ്രതിയുള്ള വിലവർദ്ധനവിനെ തുടർന്ന് കോടി കണക്കിന് രൂപയുടെ അധിക നികുതിയാണ് സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്. മുൻ യു.ഡി എഫ് സർക്കാർ 8 തവണയാണ് അധികനികുതി വേണ്ടന്ന് വച്ചത്. എന്നാൽ എൽ.ഡി.എഫ് സർക്കാർ അധിക നികുതി ഉപേക്ഷിക്കാൻ തയ്യാറാകാതെ ജനങ്ങളിൽ അധികഭാരം അടിച്ചേൽപിക്കുന്ന നടപടി തുടരുകയാണ്. അന്തരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ വില അനുദിനം കുറഞ്ഞ് കൊണ്ടിരിക്കുമ്പോഴും ഇന്ധന വില കുറക്കാൻ യാതൊരു നടപടിയും ഉണ്ടാകുന്നില്ല.

പെട്രോൾ – ഡീസൽ വില ജി.എസ്.ടി യിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണം. സംസ്ഥാന സർക്കാർ ജി.എസ് ടി കൗൺസിലിൽ ഇതാവശ്യപ്പെട്ടണം. ജി.എസ്.ടി യിൽ പെട്രോൾ – ഡീസൽ ഉൾപ്പെടുത്തിയാൽ പരമാവധി നികുതി 28 ശതമാനം മാത്രമേ ഈടാക്കാൻ സാധിക്കൂ. കേന്ദ്രത്തിന് 14 ശതമാനവും സംസ്ഥാനത്തിന് 14 ശതമാനവും . പെട്രോൾ – ഡീസൽ വില ജി.എസ് ടി യിൽ ഉൾപെടുത്തിയാൽ ,വില കയറ്റത്തിൽ നിന്നും കൊവിഡ് മഹാമാരിയെ തുടർന്നുള്ള പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന ജനങ്ങൾക്ക് ഏറ്റവും വലിയ സഹായകമാകും. ജനാധിപത്യത്തിൽ ജനം രാജാവാണ്. അവരെ സഹായിക്കുക, അവരെ ചേർത്തു നിറുത്തുക, അവരെ കൊള്ളയടിക്കാതിരിക്കുക,ഇതാകണം ഭര്യേണ വർഗം ചെയ്യേണ്ടത്.