നികുതിഭാരം കൊണ്ട് ജനങ്ങൾ വീർപ്പുമുട്ടുന്നു ; വിവിധ മേഖലകളിൽ ഇന്ധന സബ്സിഡി നൽകണം : വി.ഡി സതീശൻ

തിരുവനന്തപുരം : ഇന്ധനവിലവർധന നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം.  സംസ്ഥാനത്ത് നികുതിഭാരം കൊണ്ട് ജനങ്ങൾ വീർപ്പുമുട്ടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. സമാനമായ സാഹചര്യത്തിൽ മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ അധിക നികുതി വേണ്ടെന്നുവച്ചിട്ടുണ്ട്. പെട്രോളിയം ഉത്പ്പന്നങ്ങൾ ജി.എസ്ടിയിൽ ഉൾപ്പെടുത്തിയാൽ വില കുറയും. വിവിധ മേഖലകളിൽ ഇന്ധന സബ്സിഡി നൽകണമെന്നും  അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഇന്ധനവില വര്‍ധനവില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. സംസ്ഥാന സര്‍ക്കാര്‍ നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട്  എന്‍.ഷംസുദ്ദീന്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. പെട്രോളിയം ഉത്പ്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചേട്ടന്‍ ബാവ അനിയന്‍ ബാവ നയമാണെന്നും എന്‍.ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി.

അതേസമയം വിലവർധനവില്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരിയായിരുന്നു ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്‍റെ മറുപടി.സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങള്‍ തങ്ങളുടെ കയ്യിലാക്കുന്നതാണ് കേന്ദ്രത്തിന്റെ നയമെന്നും ഇന്ധന വില വര്‍ധനവിന് സംസ്ഥാനങ്ങളല്ല കാരണമെന്നും അദ്ദേഹം മറുപടി നല്‍കി.

Comments (0)
Add Comment