അബുദാബി ടോള്‍ ഗേറ്റുകളിലൂടെ സൗജന്യ യാത്ര ; ഒക്ടോബര്‍ 15 മുതല്‍ 2020 ജനുവരി 1 വരെ പണം ഈടാക്കില്ല

B.S. Shiju
Sunday, October 13, 2019

 

അബുദാബി : ടോള്‍ ഗേറ്റുകളിലൂടെ യാത്ര ചെയ്ത് പണം നഷ്ടപ്പെടുമെന്ന് ആശങ്കപ്പെട്ടവര്‍ക്ക് , താല്‍ക്കാലികമായി ആശ്വാസിക്കാം. ഒക്ടോബര്‍ 15 മുതല്‍ ജനുവരി 1 വരെ ടോള്‍ ഗേറ്റുകളിലൂടെയുള്ള യാത്രകള്‍ക്ക്, പണം ഈടാക്കേണ്ടെന്നും യാത്ര പൂര്‍ണ്ണമായും സൗജന്യമാക്കാനും അധികൃതര്‍ തീരുമാനിച്ചു. ഇതോടെ, ഇനിയുള്ള രണ്ടര മാസക്കാലത്തേയ്ക്ക് അബുദാബി റോഡ് ടോള്‍ ഗേറ്റുകളിലൂടെയുള്ള യാത്രയ്ക്ക് നിരക്കുകള്‍ ബാധകമല്ല.

രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി, റോഡ് ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിന്റെ ഭാഗമായാണിത്. ഇതോടെ, ഈ മേഖലകളിലൂടെ ദിവസേന യാത്ര ചെയ്യുന്നവര്‍ക്ക് പുതിയ തീരുമാനം താല്‍ക്കാലിക ആശ്വാസമാകും. ഒപ്പം, വാഹന ഉടമകള്‍ക്ക് രജിസ്‌ട്രേഷന് കൂടുതല്‍ സമയവും ലഭിച്ചിരിക്കുകയാണ്. ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 7 മുതല്‍ 9 വരെയും വൈകിട്ട് 5 മുതല്‍ 7 വരെയും ടോള്‍ ഗേറ്റ് കടന്നാല്‍ 4 ദിര്‍ഹമും,  മറ്റു സമയങ്ങളിലും വാരാന്ത്യ പൊതു അവധി ദിവസങ്ങളിലും 2 ദിര്‍ഹമുമാണ് ടോള്‍ നിരക്ക് ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഒരു ദിവസം എത്ര തവണ ടോള്‍ ഗേറ്റ് കടന്നാലും ഈടാക്കുന്ന പരമാവധി തുക 16 ദിര്‍ഹമാണ്.

അതേസമയം, ടോള്‍ നല്‍കാതെ ഗേറ്റ് കടന്നാല്‍ മൊബൈലില്‍ സന്ദേശം ലഭിക്കും. നിയമലംഘകര്‍ അബുദാബി റജിസ്റ്റേര്‍ഡ് വാഹന ഉടമകളാണെങ്കില്‍ 5 ദിവസനത്തിനകവും ഇതര എമിറേറ്റ് വാഹനങ്ങള്‍ 10 ദിവസത്തിനകവും അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് ടോളും പിഴയും അടച്ചിരിക്കണം. ആദ്യ തവണ 100, രണ്ടാം തവണ 200, മൂന്നാം തവണ 400 എന്നിങ്ങനെ പരമാവധി 10,000 ദിര്‍ഹം വരെ പിഴ ഈടാക്കും. അക്കൗണ്ടില്‍ മതിയായ തുകയില്ലാതെ ടോള്‍ ഗേറ്റ് കടക്കുന്ന ഇതര എമിറേറ്റ് വാഹനങ്ങള്‍ക്ക് ഒരു ദിവസത്തിന് 50 ദിര്‍ഹമാണ് പിഴ. പരമാവധി 10.000 ദിര്‍ഹം പിഴ ഈടാക്കാനും ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇതാണ്, പുതുവര്‍ഷ സമ്മാനമായി താല്‍ക്കാലിക ആശ്വാസമായത്.