കോട്ടയം: കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയ കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. കോട്ടയം നാട്ടകം സ്വദേശിയായ പാസ്റ്റര്‍ നമ്പൂതിരി എന്നറിയപ്പെടുന്ന ഹരിപ്രസാദ് ടി. പി എന്നയാളെയാണ് മണര്‍കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
2023 മുതല്‍ മുളങ്കുഴ കേന്ദ്രമാക്കി ‘പെന്തക്കോസ്ത് മിഷന്‍ ഓഫ് ഇന്ത്യ’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇയാള്‍. ഈ സ്ഥാപനത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ നിരവധി ആളുകളില്‍ നിന്ന് പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തതായാണ് പരാതി.
മണര്‍കാട് സ്വദേശിനിയായ ഒരു പരാതിക്കാരിയില്‍ നിന്ന് മാത്രം 45 ലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതിന് മണര്‍കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇയാളുടെ അറസ്റ്റ്.
കഴിഞ്ഞ എട്ട് മാസക്കാലമായി ഹരിപ്രസാദ് ടി.പി. കോട്ടയം കുറുമ്പനാടം സ്വദേശിനിയായ ഒരു യുവതിയുമായി തമിഴ്‌നാട്, ബാംഗ്ലൂര്‍, കേരളത്തിലെ വിവിധ ജില്ലകള്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ താമസിച്ചു വരികയായിരുന്നു. ഒടുവില്‍, കൊല്ലം ജില്ലയിലെ കപ്പലണ്ടി മുക്കിലെ ഒരു ഫ്‌ലാറ്റില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇയാളെ മണര്‍കാട് പൊലീസ് പിടികൂടിയത്.