ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചു; അച്ചടക്ക നടപടിയല്ലെന്ന് വത്തിക്കാന്‍

Jaihind Webdesk
Thursday, June 1, 2023

 

ന്യൂഡൽഹി: ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചു. ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് രാജിവാർത്ത പ്രഖ്യാപിച്ചുകൊണ്ട് ഫ്രാങ്കോ മുളയ്ക്കൽ വീഡിയോ സന്ദേശത്തിലൂടെ പ്രതികരിച്ചു.

ഫ്രാങ്കോ മുളയ്ക്കൽ ഇനി ബിഷപ്പ് എമരിറ്റസ് എന്ന് അറിയപ്പെടും. ജലന്തർ രൂപതയുടെ നന്മയ്ക്കും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്ന് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും ഏറെ അനുഭവിച്ചു. പ്രാർത്ഥിച്ചവരോടും കരുതലേകിയവരോടും നന്ദിയുണ്ടെന്നും ഫ്രാങ്കോ പറഞ്ഞു.

2018 സെപ്റ്റംബറിൽ ബലാത്സംഗക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെ തുടർന്ന് ബിഷപ്പിനെ രൂപതയുടെ ചുമതലകളിൽ നിന്ന് ഫ്രാൻസിസ് മാർപാപ്പ താൽക്കാലികമായി ഒഴിവാക്കിയിരുന്നു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസിൽ പിന്നീട് കോടതി ഫ്രാങ്കോയെ കുറ്റവിമുക്തനാക്കുകയായിരുന്നു.