മസാലബോണ്ട് ഫയലുകള്‍ ലഭ്യമാക്കമെന്നാവശ്യപ്പെട്ട് നാല് യു.ഡി.എഫ് എം.എല്‍.എമാര്‍

തിരുവനന്തപുരം: കിഫ്ബിയുടെ ധനസമാഹരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മസാല ബോണ്ടുകളുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും തങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് നാല് യു.ഡി.എഫ് എം.എല്‍.എമാരുടെ സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ ഉപനേതാവ് എം.കെ മൂനീര്‍, വി.ഡി സതീശന്‍, അനുപ് ജേക്കബ്, റോഷി അഗസ്റ്റിന്‍ എന്നീ എം.എല്‍.എ മാരാണ് ഈ ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ ഫയലുകള്‍ പരിശോധിക്കാന്‍ പ്രതിപക്ഷ നേതാവ് ഈ എം.എല്‍.എ മാരെ ചുമതലപ്പെടുത്തിയിരുന്നു. മസാല ബോണ്ടുമായി ബന്ധപ്പെട്ട് നിലനിന്ന ദുരൂഹതകള്‍ നീക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്തു കൊണ്ടെന്ന് എം എല്‍ എ മാര്‍ ചോദിച്ചു. 2150 കോടി രൂപയുടെ മസാലാ ബോണ്ടുകള്‍ കനേഡിയന്‍ കമ്പനിയായ സി.ഡി.പി.ക്യൂ വാണ് വാങ്ങിയത്. 9.732% എന്ന കൊള്ളപ്പലിശയാണ് ഈ ബോണ്ടിന്മേല്‍ കിഫ്ബി നല്‍കേണ്ടത്. കേരളത്തിന് തലമുറകളോളം വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കി വയ്ക്കുന്ന ഈ ഇടപാട് സംബന്ധിച്ച ഫയലുകള്‍ പ്രതിപക്ഷത്തെ കാണിക്കേണ്ടത് സര്‍ക്കാരിന്റെ ധാര്‍മിക ബാധ്യതയാണ്. ഇതില്‍ നിന്ന് ഒളിച്ചോടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും എം എല്‍ എമാര്‍ വ്യക്തമാക്കി.

കിഫ്ബിയുടെ മസാല ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ല. പൊതുജനങ്ങളുടെ പണമാണ് ബോണ്ടിന്റെ പലിശയായി നല്‍കേണ്ടി വരുന്നത്. പൊതുജനങ്ങള്‍ നികുതിയായി നല്‍കുന്ന ഓരോ രൂപയും എങ്ങനെ ചിലവാക്കുന്നു എന്നറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഏറ്റവും കൂടിയ പലിശ നിരക്കാണ് കിഫ്ബി ഈ മസാലാ ബോണ്ടിന്മേല്‍ നല്‍കേണ്ടി വരുന്നത്. ഈ ബോണ്ടുകളുടെ കാലാവധി എത്ര വര്‍ഷമാണെന്ന് പോലും സര്‍ക്കാര്‍ വെളിപ്പെടുത്തുന്നില്ല. ഇത് വഴി വന്‍ കടബാധ്യതയാണ് ഇതിലൂടെ സര്‍ക്കാര്‍ വരുത്തിവയ്കുന്നതെന്ന് വ്യക്തമാണ്. ഈ ദുരൂഹമായ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ജനങ്ങള്‍ അറിയേണ്ടതുണ്ട്. അതു കൊണ്ടാണ് ഈ ഫയലുകളിലെ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുത്തതെന്നും എം എല്‍ എ മാര്‍ പറഞ്ഞു.

Comments (0)
Add Comment