ആത്മീയതയുടെയും ആതുരസേവനത്തിന്റെയും വേറിട്ട പാത; ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു

Jaihind News Bureau
Wednesday, April 8, 2026

 

തൃശൂർ അതിരൂപത മുൻ വികാരി ജനറലും പ്രശസ്ത എഴുത്തുകാരനുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു. 72 വയസ്സായിരുന്നു. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടറായും കേരള ബ്ലഡ് ഡോണേഴ്‌സ് ഫോറത്തിന്റെ സ്ഥാപകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ആത്മീയതയെയും വൈദ്യശാസ്ത്രത്തെയും ഒരുപോലെ ചേർത്തുപിടിച്ച വ്യക്തിത്വമായിരുന്നു ഡോ. ഫ്രാൻസിസ് ആലപ്പാട്ട്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശേഷം വൈദികവൃത്തിയിലേക്ക് തിരിഞ്ഞ അദ്ദേഹം, ജൂബിലി മിഷൻ മെഡിക്കൽ കോളേജിനെ ഇന്നത്തെ നിലയിലേക്ക് വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു.

എഴുത്തുകാരൻ, ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ‘പൂവിതൾ പൊഴിയുമ്പോൾ’ എന്ന രക്തദാന ഡോക്യുമെന്ററിയും ‘ഓർമ്മകൾക്കപ്പുറം’ എന്ന ഹ്രസ്വചിത്രവും അദ്ദേഹം സംവിധാനം ചെയ്തു. ‘വിവാഹവേദിയിലേക്ക്’, ‘അവൾക്കൊപ്പം’, ‘ഞാൻ എന്ന ഞാൻ’ തുടങ്ങി ഇരുപത്തഞ്ചിലധികം കൃതികളുടെ കർത്താവാണ്. റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ, മാനസിക ആരോഗ്യ ആശുപത്രി മോണിറ്ററിങ് കമ്മിറ്റി അംഗം എന്നീ നിലകളിൽ സാമൂഹിക സേവന രംഗത്ത് അദ്ദേഹം സജീവമായിരുന്നു. ആലപ്പാട്ട്‌ ആന്റണി (എ.കെ. ആന്റണി) യുടെയും റോസിയുടെയും മകനാണ്.