‘മാന്ദ്യമുണ്ടെന്ന് തിരിച്ചറിയാന്‍ പോലും കഴിവില്ലാത്ത ഗവണ്‍മെന്‍റ്’ : മോദി സർക്കാരിന് രൂക്ഷ വിമർശനവുമായി ഡോ. മന്‍മോഹന്‍ സിംഗ്

Jaihind News Bureau
Thursday, February 20, 2020

manmohan-singh

ന്യൂഡല്‍ഹി : അനുദിനം വഷളാകുന്ന സാമ്പത്തിക രംഗം ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിന് രൂക്ഷ വിമർശനവുമായി മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. രാജ്യത്ത് സാമ്പത്തികമാന്ദ്യമുണ്ടെന്ന് തിരിച്ചറിയാന്‍ പോലും കഴിവില്ലാത്ത സർക്കാരാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാന്ദ്യം അംഗീകരിക്കാനും പരിഷ്കരണങ്ങളെക്കുറിച്ച് ചിന്തിക്കാനും തയാറായാല്‍ മാത്രമേ രാജ്യം നേരിടുന്ന വെല്ലുവിളികളെ മറികടക്കാനാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു പുസ്തക പ്രകാശന ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മാന്ദ്യം എന്നൊരു വാക്ക് ഉണ്ടെന്ന് അംഗീകരിക്കാത്ത ഒരു ഗവൺമെന്‍റാണ് ഇന്ന് നമുക്കുള്ളത്. ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരിക്കലും ഗുണകരമല്ല. നിങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ നിങ്ങൾ തിരിച്ചറിഞ്ഞില്ലെങ്കിൽ, തിരുത്തൽ നടപടികൾ സ്വീകരിക്കുന്നതിന് നിങ്ങൾക്ക് നല്ല മാര്‍ഗങ്ങള്‍ കണ്ടെത്താൻ കഴിയില്ല, അതാണ് യഥാർത്ഥത്തില്‍ വലിയ അപകടം’ – മന്‍മോഹന്‍ സിംഗ് പറഞ്ഞു.

മൂന്ന് വർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കാൻ യാതൊരു ന്യായവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം അതിഭീകരമായ സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോഴും ക്രിയാത്മകമായ യാതൊരു ചുവടുവെപ്പുകളും നടത്താന്‍ മോദി സര്‍ക്കാരിന് കഴിയുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. നിരവധി വ്യവസായ സ്ഥാപനങ്ങളാണ് ഇതിനോടകം അടച്ചുപൂട്ടിയത്. കഴിഞ്ഞ 40 മാസത്തിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തെയാണ് രാജ്യം നേരിടുന്നത്. ഇനിയും ക്രിയാത്മകമായ പരിഹാരമാർഗങ്ങള്‍ തേടിയില്ലെങ്കില്‍ വലിയ ദുരന്തത്തെയാകും രാജ്യം അഭിമുഖീകരിക്കേണ്ടിവരികയെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.