പാര്‍ട്ടിതന്നെ കാലുവാരി; ഉണ്ടായത് തോല്‍വിക്ക് തുല്യമായ വിജയം: തുറന്നടിച്ച് മുന്‍ സിപിഎം എംഎല്‍എ കെ സി രാജഗോപാലന്‍

Jaihind News Bureau
Monday, December 15, 2025

 

സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ കാലുവാരിയെന്ന് പരസ്യമായി തുറന്നടിച്ച് മുന്‍ സിപിഎം എംഎല്‍എ കെ സി രാജഗോപാലന്‍. പത്തനംതിട്ട മെഴുവേലി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച കെ.സി. രാജഗോപാലന്‍ 28 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിനാണ് കാലുവാരാന്‍ നേതൃത്വം നല്‍കിയതെന്നും അതുകൊണ്ടാണ് താന്‍ നേരിയ ഭൂരിപക്ഷത്തില്‍ മാത്രം വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്നെ ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വേണ്ടവിധം ഉപയോഗിച്ചില്ലെന്നും താന്‍ ജയിക്കരുതെന്ന് സ്റ്റാലിന് പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നും രാജഗോപാലന്‍ ആരോപിച്ചു.

സ്റ്റാലിന്‍ വിവരംകെട്ടവനും പത്രം വായിക്കാത്തവനുമാണെന്നും സമൂഹത്തില്‍ എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ലെന്നും അദ്ദേഹം ആക്ഷേപിച്ചു. ഇത്തരത്തിലുള്ള സ്റ്റാലിന്‍മാരാണ് പാര്‍ട്ടിയിലുള്ളതെന്നും, അവരെ പുറത്താക്കണമെന്നും രാജഗോപാലന്‍ ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ പിടിപ്പുകേട് കാരണമാണ് കോഴഞ്ചേരി ഏരിയാ കമ്മിറ്റിക്ക് കീഴിലെ എല്ലാ പഞ്ചായത്തുകളും നഷ്ടമായതെന്നും കോണ്‍ഗ്രസുകാരില്‍ ചിലരുടെ സഹായം കൊണ്ടാണ് താന്‍ കഷ്ടിച്ച് വിജയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ അടുത്ത ലക്ഷ്യം വീണ ജോര്‍ജിനെ തകര്‍ത്ത് ആറന്മുളയില്‍ മത്സരിക്കുകയാണെന്ന് വ്യക്തമാക്കി. പാര്‍ട്ടി തോല്‍ക്കുമ്പോള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവനാണ് സ്റ്റാലിനെന്നും സി.പി.എം. നേതൃത്വത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കെ.സി. രാജഗോപാലന്റെ ആരോപണങ്ങള്‍ കോഴഞ്ചേരി ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിന്‍ തള്ളി. കെ.സി. രാജഗോപാലന്റെ പരാമര്‍ശങ്ങള്‍ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് ചില കാര്യങ്ങള്‍ പരസ്യമായി പറയാന്‍ കഴിയില്ലെന്നും, അത് പാര്‍ട്ടിക്കുള്ളില്‍ പറയുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. എന്തെങ്കിലും വിമര്‍ശനമുണ്ടെങ്കില്‍ അത് പാര്‍ട്ടി ഘടകങ്ങളില്‍ പരാതിയായി നല്‍കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും, ഭരണം കിട്ടാത്തതിന്റെ കാരണം പാര്‍ട്ടി പരിശോധിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.