2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനുവേണ്ടി കോണ്‍ഗ്രസ് ഒരുക്കങ്ങള്‍ ആരംഭിച്ചു. പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ വിവിധ തലത്തിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇന്ന് രാജ്യം നേരിടുന്ന വെല്ലുവിളികളും മോദി സര്‍ക്കാര്‍ രാജ്യത്തേല്‍പ്പിച്ച പരിക്കുകളെയും തുറന്നുകാണിച്ചുകൊണ്ടായിരിക്കും കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. പ്രകടനപത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവിധ രംഗത്തെ വിദഗ്ധരുമായി കോണ്‍ഗ്രസ് നേതൃത്വം ആശയവിനിമയം ആരംഭിച്ചിരിക്കുകയാണ്.
റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണറും സാമ്പത്തിക വിദ്ഗ്ധനുമായ രഘുറാം രാജനാണ് ഇതില്‍ പ്രധാനി. ഇന്ത്യ നേരിടുന്ന പ്രധമ വെല്ലുവിളി തൊഴിലില്ലായ്മയാണെന്ന് രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസങ്ങളില്‍ വ്യക്തമാക്കിയിരുന്നു. കര്‍ഷക പ്രതിസന്ധിയും രാജ്യത്തിന്റെ മുന്നോട്ടുപോക്കിന് തിരിച്ചടിയായിരിക്കുകയാണ്. ഈ പ്രശ്‌നങ്ങളില്‍ എന്തൊക്കെ പരിഹാരങ്ങള്‍ കണ്ടെത്താകാന്‍ എന്നതിലാണ് രഘുറാം രാജന്റെ നിര്‍ദ്ദേശങ്ങള്‍ രാഹുല്‍ഗാന്ധി കേള്‍ക്കുക. രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ടീമില്‍ രഘുറാം രാജനുമുണ്ടാകുമെന്ന് ചുരുക്കം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതായിരിക്കും ആദ്യപരിഗണന.
രഘുറാം രാജനിലൂടെ മോദി സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളുടെ പരാജയങ്ങള്‍ ജനങ്ങളിലെത്തിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഇതിനുള്ള പഠനങ്ങള്‍ക്കുള്ള നേതൃത്വം വഹിക്കലായിരിക്കും രഘുറാം രാജന്റെ ചുമതല. സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍സിങിനൊപ്പമുള്ള രഘുറാം രാജന്റെകൂടി പങ്കാളിത്തം കോണ്‍ഗ്രസിന് കരുത്തുപകരും. വിദേശ പര്യടനങ്ങളിലുള്‍പ്പെടെ രാഹുല്‍ഗാന്ധിയുടെ പ്രസംഗങ്ങളില്‍ പ്രധാനവിഷയം രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും കര്‍ഷക പ്രതിസന്ധിയുമാണ്.
2012 ആഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 2013 വരെ രഘുറാം രാജന്‍ രണ്ടാം യു.പി.എ സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. പിന്നീട് അദ്ദേഹത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി നിയമിക്കുകയായിരുന്നു. സെപ്റ്റംബര്‍ 2016ല്‍ ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞതിനുശേഷം രാജന്‍ യു.എസിലേക്ക് മാറുകയും ഷിക്കാഗോയിലെ സാമ്പത്തിക സര്‍വ്വകലാശാലയില്‍ അധ്യാപകനായി സേവനം ആരംഭിക്കുകയുമായിരുന്നു.