മുഖ്യമന്ത്രിയുടെ അക്കാദമിക് അഡ്വൈറുടെ പിഎച്ച്ഡി വ്യാജം; ആരോപണവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യര്‍

Jaihind Webdesk
Monday, July 3, 2023

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അക്കാദമിക് അഡ്വൈറും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ ഡോക്ടർ രതീഷ് കാളിയാടന്‍റെ പി എച്ച് ഡി പ്രബന്ധത്തിൽ റെക്കോർഡ് കോപ്പിയടി നടന്നതായി കെ.എസ്.യു. രതീഷ് കളിയാടാൻ തട്ടിപ്പുക്കാരനാണെന്നും അയാളെ തൽസ്ഥാനത്ത്‌ നിന്നും നീക്കണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

കേരളത്തിൽ ഒരു സർക്കാർ സ്കൂളിൽ 2009-17 കാലത്തു ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ ആസാമിൽ നിന്നും ചട്ടവിരുദ്ധമായാണ് മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയും അക്കാദമിക് അഡ്വൈസറുമായ രതീഷ് കാളിയാടൻ ഒരേ സമയം ഫുൾടൈമായി പി എച്ച് ഡി നേടിയത്.ആസാം സർവകലാശാലയിൽ നിന്നും പി എച്ച് ഡി നേടിയ രതീഷ് കാളിയാടന്റെ പ്രബന്ധത്തിന്‍റെ  മൊത്തം കോപ്പിയടി തോത് യുജിസി അംഗീകരിച്ച സോഫ്റ്റ്‌വെയർ പ്രകാരം 70% ആണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ ആരോപിച്ചു. ഇന്‍റർനെറ്റ്, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, വിദ്യാർത്ഥി പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിൽ നിന്നും ആണ് പ്രധാനമായും കോപ്പിയടിച്ചിരിക്കുന്നത്. തലശ്ശേരി സർക്കാർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ ജോലി ചെയ്ത് ശംബളം വാങ്ങിയ അദ്ദേഹത്തിന് എങ്ങനെ ആസാമിൽ പോയി പി എച്ച് ഡി ഗവേഷണം നടത്തുവാൻ സാധിച്ചു എന്നുള്ളത് ദുരൂഹമാണെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു

പിഎച്ച്ഡി ചെയ്യുവാൻ കുറഞ്ഞത് മൂന്നു വർഷങ്ങൾ എങ്കിലും വേണം എന്ന യുജിസി നിബന്ധന ഉള്ളപ്പോൾ രതീഷ് കാളിയാടൻ രണ്ടുവർഷംകൊണ്ട് പി എച്ച് ഡി പൂർത്തിയാക്കി. മാത്രവുമല്ല യുജിസി നിഷ്കർഷിക്കുന്ന കോഴ്സ് വർക്ക് ഇദ്ദേഹം ചെയ്തിട്ടില്ല എന്നതും വ്യക്തമാണ്. നിലവിൽ സർക്കാർ സ്വാധീനം ഉപയോഗിച്ച് രതീഷ് കളിയാടൻ കണ്ണൂർ സർവ്വകലാശാലയിൽ ജേർണലിസം അസിസ്റ്റന്‍റ്  പ്രൊഫസർ തസ്തികയിൽ നിയമനം നേടാൻ നീക്കങ്ങൾ ആരംഭിച്ചതായി ആക്ഷേപമുണ്ട്. ഏത് മാനദണ്ഡത്തിലാണ് രതീഷ് കാളിയാടനെ മുഖ്യമന്ത്രിയുടെ അക്കാഡമിക് അഡ്വൈസർ ആക്കിയതെന്നു മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കണം. കോപ്പിയടിച്ച പി എച് ഡി റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആസാം യൂണിവേഴ്സിറ്റിക്കും ഇതിൽ അന്വേഷണം നടത്തണം എന്നാവശ്യപെട്ട് യൂ ജി സി ക്കും പരാതി കൊടുക്കുമെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് കൂട്ടി ചേർത്തു.