വ്യാജരേഖ വിവാദം: ചട്ടങ്ങള്‍ മറികടന്ന് വിദ്യ കണ്ണൂർ സർവകലാശാലയുടെ മൂല്യനിർണ്ണയ ക്യാമ്പിലും പങ്കെടുത്തു; രേഖകള്‍ ജയ്ഹിന്ദ് ന്യൂസിന്

 

കണ്ണൂർ: വ്യാജരേഖയിലൂടെ അധ്യാപികയായ വിദ്യ കണ്ണൂർ സർവകലാശാല മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുത്തു. 2021- 22 വർഷത്തെ  ഡിഗ്രി മൂല്യനിർണയത്തിലാണ് വിദ്യ പങ്കെടുത്തത്. കരിന്തളം കോളേജിലെ അധ്യാപികയായിരുന്ന കെ വിദ്യയെ  മൂല്യനിർണ്ണയത്തിനു ചുമതലപ്പെടുത്തിയുള്ള സർവകലാശാല ഉത്തരവ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. അതേസമയം എസ്എഫ്ഐ യുടെ യൂണിറ്റ് ഭാരവാഹിയായിരുന്ന വിദ്യയ്ക്കു വേണ്ടി എസ്എഫ്ഐ മുമ്പും അധ്യാപകർക്കെതിരെ രംഗത്ത് വന്നിരുന്നു. പയ്യന്നൂർ കോളേജിൽ ബിഎ മലയാളത്തിന് വിദ്യ പഠിക്കുമ്പോൾ ഇന്‍റേണൽ മാർക്ക് കുറച്ചുനൽകി എന്നാരോപിച്ചായിരുന്നു എസ്എഫ്ഐ പ്രവർത്തകർ വിദ്യയ്ക്കുവേണ്ടി അധ്യാപകർക്കെതിരെ തിരിഞ്ഞത്.

2021- 22 വർഷത്തെ കണ്ണൂർ സർവകലാശാലഒന്ന്, രണ്ട്, നാല് സെമസ്റ്റർ  ഡിഗ്രി മൂല്യനിർണയത്തിലാണ് വ്യാജരേഖയിലൂടെ അധ്യാപികയായ വിദ്യ പങ്കെടുത്തത്. എക്സാമിനർക്ക് മൂന്നുവർഷത്തെ യോഗ്യത വേണമെന്ന ചട്ടം മറികടന്നാണ് വിദ്യയെ കണ്ണൂർ സർവകലാശാല മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുപ്പിച്ചത്. സെപ്റ്റംബർ മാസം ആയിരുന്നു മൂല്യനിർണ്ണയ ക്യാമ്പ് നടന്നത്. ഉന്നത രാഷ്ട്രിയ നേതൃത്വത്തിന്‍റെ ഇടപെടൽ കൊണ്ടാണ് കണ്ണൂർ സർവകലാശാലയുടെ മൂല്യനിർണയ ക്യാമ്പിൽ വിദ്യയെ ഉൾപ്പെടുത്തിയത്. നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ള അധ്യാപകർക്ക് ഒപ്പം നാല്‍പതാമത് ആയാണ് ലിസ്റ്റിൽ വിദ്യയുടെ പേരുള്ളത്. ഇതിന് കണ്ണൂർ സർവകലാശാലയാണ് മറുപടി പറയേണ്ടത്. അതേസമയം എസ്എഫ്ഐയും വിദ്യയും തമ്മിലുള്ള ബന്ധത്തിന്‍റെ കൂടുതൽ തെളിവുകൾ പുറത്തുവന്നു.

കെ വിദ്യയ്ക്ക് വേണ്ടി മുമ്പും എസ്എഫ്ഐ രംഗത്തിറങ്ങിട്ടുണ്ട്.  വിദ്യ പയ്യന്നൂർ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ ഇന്‍റേണൽ മാർക്ക് കുറച്ചുനൽകി എന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ അന്ന് അധ്യാപകർക്ക് എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. 2016 ൽ ആയിരുന്നു സംഭവം. മലയാളം ഡിപ്പാർട്ട്മെന്‍റിലെ അധ്യാപകരെയാണ് എസ്എഫ്ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തുകയും തടഞ്ഞുവെക്കുകയും ചെയ്തത്. സംഭവത്തിന് ശേഷം
പയ്യന്നൂർ കോളേജിലെ മലയാളം വിഭാഗത്തിലെ അധ്യാപിക ഡോ. പി പ്രജിത, പ്രൊഫ. കെ.വി ഉണ്ണികൃഷ്ണൻ എന്നിവരുടെ
വീട്ടിൽ നിർത്തിയിട്ടിരുന്ന കാറുകളും അഗ്നിക്ക് ഇരയാക്കിയിരുന്നു. 2016 മെയ് 22നാണ് അക്രമം നടന്നത്. സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നുവെങ്കിലും തെളിവില്ലെന്ന് പറഞ്ഞ് കേസ് തള്ളിപ്പോയി. 2013 -2016 കാലഘട്ടത്തിൽ പയ്യന്നൂർ കോളേജിലെ എസ്എഫ്ഐ ഭാരവാഹിയായിരുന്നു കെ വിദ്യ യുയുസി ആയി ജയിച്ചിട്ടുണ്ട്.

Comments (0)
Add Comment