രണ്ടാം പ്രളയത്തിന് ശേഷവും സർക്കാറിൽ നിന്ന് അർഹമായ സഹായം ലഭിച്ചിട്ടില്ല എന്ന പരാതി വ്യാപകമാവുന്നു. വയനാട് ജില്ലയിൽ ഏറ്റവും കൂടുതൽ വെള്ളം കയറി നാശം വിതച്ച പനമരം ചാലിഗദ്ധ കോളനിയിൽ അടിയന്തിര സഹായം പോലും ലഭിച്ചില്ല. അൻപതോളം ആദിവാസി കുടുംബങ്ങൾ കടക്കെണിയിൽ.
“സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽകുമ്പോൾ തന്നെ ഒരു കാര്യം തീരുമാനിച്ചിരുന്നു സർക്കാർ സഹായം ലഭിക്കാൻ മണിക്കൂറുകളോളം ക്യൂവിൽ നിർത്തുന്ന സാഹചര്യം ഉണ്ടാവില്ല” എന്ന് തുടങ്ങുന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് ദുരിതമനുഭവിക്കുന്ന വയനാട്ടുകാരെ അപമാനിക്കുന്നതിന് തുല്യമാണ്. കാരണം വയനാട്ടിലെ പ്രളയം ബാധിച്ച പലയിടങ്ങളിലും 46 ദിവസമായിട്ടും അടിയന്തിര സഹായമായ പതിനായിരം രൂപ പോലും ലഭിച്ചിട്ടില്ല. പനമരം ചാലിഗദ്ധ കോളനിയിലെ അമ്പതോളം കുടുംബങ്ങളാണ് സർക്കാറിന്‍റെ അവഗണന കാരണം കടക്കെണിയിൽ കഴിയുന്നത്.
കഴിഞ്ഞ പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്നവർക്കാകട്ടെ ലഭിച്ചത് അടിയന്തിര സഹായമായ പതിനായിരം രൂപ മാത്രം.
ക്യാമ്പിൽ നിന്ന് മടങ്ങുമ്പോൾ സർക്കാറിനെ വിശ്വസിച്ച് വീടുകളിലെത്തിയവർ ഇന്ന് ആയിരങ്ങളുടെ കടക്കാരായി മാറിയിരിക്കുകയാണ്.