ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞു പറ്റിക്കുന്നു; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ തടഞ്ഞ് മത്സ്യത്തൊഴിലാളികള്‍

Jaihind Webdesk
Wednesday, November 15, 2023

 

തിരുവനന്തപുരം: വിഴിഞ്ഞത്തും കോവളത്തും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ മത്സ്യത്തൊഴിലാളികള്‍ തടഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടമായ കട്ടമര തൊഴിലാളികള്‍ക്കുളള നഷ്ട പരിഹാര തുക വിതരണം ചെയ്ത സ്ഥലത്താണ് പ്രതിഷേധമുണ്ടായത്. നഷ്ട പരിഹാരത്തില്‍ നിന്നും ഒരുവിഭാഗം മത്സ്യത്തൊഴിലാളികളെ ഒഴിവാക്കിയെന്നാണ് പ്രധാന ആക്ഷേപം. കോവളത്ത് തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു. മന്ത്രിയെ തടഞ്ഞ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റുകയായിരുന്നു. കട്ടമര തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്ന വേദിക്ക് പുറത്ത് വിഴിഞ്ഞം തെക്കും ഭാഗം ജമാഅത്താണ് പ്രതിഷേധിച്ചത്. ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ് പറ്റിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.