നടന് ജയസൂര്യയുടെ നൂറാമത് സിനിമയായ ‘സണ്ണി’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ജയസൂര്യയുടെ കഴിഞ്ഞ ഇരുപത് വര്‍ഷത്തെ സിനിമാ ജീവിതത്തിലെ ഈ നൂറാമത് സിനിമയ്ക്ക് തെന്നിന്ത്യന്‍ സിനിമാ ലോകം സമൂഹ മാധ്യമങ്ങളിലൂടെ ആശംസകള്‍ നേര്‍ന്നു. ടീസര്‍ വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ സൂപ്പര്‍ ഹിറ്റായി മാറി. പ്രൃഥ്വിരാജ്, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന് ഉള്‍പ്പടെയുള്ള താരനിരയും തെന്നിന്ത്യന്‍ താരങ്ങളും തങ്ങളുടെ പേജുകളില്‍ സിനിമയുടെ ആദ്യടീസര്‍ പങ്കുവെച്ചു.
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന സിനിമയാണ് ‘സണ്ണി’. സണ്ണിയെന്ന ടൈറ്റില്‍ റോളില്‍ എത്തുന്ന ജയസൂര്യയുടെ അഭിനയ പ്രകടനം ടീസറിനെ വേറിട്ടതാക്കുന്നു. ടീസറിലെ മുപ്പത് സെക്കന്‍ഡുകള്‍ക്കിടയില്‍ ചിരിയും നിസഹായതയും ദേഷ്യവും നായകന്റെ മുഖത്ത് പ്രകടമാണ്. ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്റെ ക്യാമറ കണ്ണുകളിലൂടെ ഈ വികാരങ്ങള്‍ കടന്നുപോകുമ്പോള്‍ ടീസര്‍ അതിമനോഹരമായി. പശ്ചാത്തലസംഗീതവും ടീസറിന്റെ പ്രത്യേകതയാണ്.
ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് എത്തുന്ന ഒരു സംഗീതജ്ഞന്റെ കഥയാണിത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി കഴിഞ്ഞു. കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലാണ് പ്രധാന ലൊക്കേഷന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിന്നു ചിത്രീകരണം. മധു നീലകണ്ഠന് ഛായാഗ്രഹണം. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്. സിനോയ് ജോസഫാണ് തത്സമയ ശബ്ദലേഖനം ചെയ്യുന്നത്. പുണ്യാളന്, സു സു സുധി വാത്മീകം, പ്രേതം, പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡ്, ഞാന്‍ മേരിക്കുട്ടി, പ്രേതം 2 എന്നീ ചിത്രങ്ങളാണ് ഇതിനു മുമ്പ് ജയസൂര്യ-രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകള്‍. ഓരോ സിനിമകളിലും വ്യത്യസ്ത കഥാപാത്രങ്ങളും പുതുമകളുമായി എത്തുന്ന ഇവരുടെ പുതിയ ചിത്രവും ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുന്നത്.