കെവിൻ വധക്കേസിൽ ഒന്നാംഘട്ട സാക്ഷി വിസ്താരം പൂർത്തിയായി

കെവിൻ വധക്കേസിൽ ഒന്നാംഘട്ട സാക്ഷി വിസ്താരം പൂർത്തിയായി. പ്രോസിക്യൂഷൻ ഹാജരാക്കിയ നൂറ്റി എൺപത്തിയാറ് സാക്ഷികളിൽ നൂറ്റി പതിമൂന്ന് പേരെ കോടതി വിസ്തരിച്ചു. ഈ മാസം ഇരുപത്തിയൊൻപതിന് പ്രതികളുടെ വിചാരണ ആരംഭിക്കും.

പ്രത്യേക കേസായി പരിഗണിച്ച് നാൽപ്പത്തിരണ്ട് ദിവസംകൊണ്ടാണ് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി സാക്ഷി വിസ്താരം പൂർത്തിയാക്കിയത്. കെവിനൊപ്പം തട്ടിക്കൊണ്ടുപോയ അനീഷ് ഉൾപ്പെടെ നൂറ്റി പതിമൂന്ന് പേരെയാണ് വിസ്തരിച്ചത്. വിചാരണയ്ക്കിടെ കെവിന്‍റേത് ദുരഭിമാനക്കൊലയാണെന്ന മൊഴി നീനു കോടതിയിലും ആവർത്തിച്ചിരുന്നു. ഇരുപത്തിയെട്ടാം സാക്ഷി എബിൻ പ്രദീപ് ഉൾപ്പെടെ അഞ്ച് സാക്ഷികൾ കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. 238 പ്രമാണങ്ങളും മൊബൈൽ ഫോൺ, സി.സി.ടി.വി ദൃശ്യങ്ങൾ, ആക്രമിക്കാൻ ഉപയോഗിച്ച വാൾ എന്നിവ ഉൾപ്പെടെ 56 തെളിവുകളും പ്രോസിക്യുഷൻ ഹാജരാക്കി. കെവിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കുന്ന നിർണായക മൊഴികളാണ് ഫോറൻസിക് വിദഗ്ധർ നൽകിയത്. വിചാരണയ്ക്കിടെ സാക്ഷികളെ മർദ്ദിച്ച രണ്ട് പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിരുന്നു. കേസിലെ പതിനാല് പ്രതികളിൽ ഒൻപത് പേരാണ് നിലവിൽ റിമാൻഡിലുണ്ട്. ഇരുപത്തിയൊൻപതിന് പ്രതികളുടെ വിചാരണ ആരംഭിക്കും.

Comments (0)
Add Comment