കൊറോണ ആശങ്കകള്‍ക്കിടെ ഇന്ന് ‘ആദ്യ വെള്ളി’ : ജുമുഅ നമസ്‌കാരം യുഎഇയിൽ 10 മിനിറ്റില്‍ നിർത്തി ; ക്രൈസ്തവ ദേവാലയങ്ങളിലും വിശ്വാസികളുടെ തിരക്ക് കുറഞ്ഞു !

B.S. Shiju
Friday, March 6, 2020

ദുബായ് : കൊറോണ ആശങ്കകള്‍ക്കിടെ, യുഎഇയിലെ ആദ്യ വെള്ളിയാഴ്ചത്തെ, ജുമുഅ നമസ്‌കാരം പത്തു മിനിറ്റില്‍ അവസാനിപ്പിച്ചു. ജനറല്‍ അതോറിറ്റി ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്‌മെന്‍റ്‌സ് പുറത്തിറക്കിയ, ഉത്തരവ് അനുസരിച്ചായിരുന്നു ഇത്.

കോവിഡ്-19 സുരക്ഷാ മുന്‍കരുതലിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍, പ്രാര്‍ഥനാ സമയം വെട്ടിച്ചുരുക്കിയത്. അതിനാല്‍, ഖുര്‍ആനിന്‍റെ രണ്ട് ഖണ്ഡങ്ങള്‍ മാത്രമേ ഇമാമുമാര്‍ പാരായണം ചെയ്തുള്ളൂ. കൂടാതെ, പ്രാര്‍ഥനാ സമയവും ചുരുക്കി. കൂടാതെ, തങ്ങള്‍ക്ക് ലഭിച്ച പ്രസംഗം മാത്രം വായിച്ചും, കൊറോണ എന്ന മാരക രോഗത്തിനെതിരെ പ്രാര്‍ഥന നടത്തിയും വെള്ളിയാഴ്ച നമസ്‌കാരം പൂര്‍ത്തിയാക്കുകയായിരുന്നു. അതേസമയം, കുട്ടികളും പ്രായമായവരും മസ്ജിദുകളില്‍ പ്രാര്‍ഥനയ്ക്ക് പോകേണ്ടതില്ലെന്ന് , കഴിഞ്ഞ ദിവസം അധികൃതര്‍ നിര്‍ദേശിച്ചിരുന്നു.

യുഎഇയിലെ കത്തോലിക്ക സഭകളുടേത് ഉള്‍പ്പടെയുള്ള, വിവിധ ക്രൈസ്തവ ദേവലായങ്ങളിലും വെള്ളിയാഴ്ച കുര്‍ബാനയ്ക്ക് പതിവ് തിരക്ക് ഉണ്ടായില്ല. കൊറോണ ആശങ്കകള്‍ മൂലം പലരും പള്ളികളിലേക്ക് എത്തിയില്ല. പരിശുദ്ധ കുർബാന സ്വീകരിക്കൽ (തിരുവോസ്തി ) കഴിഞ്ഞവാരം തന്നെ, കൈകളിലേക്ക് മാറ്റിയിരുന്നു. നേരത്തെ നാവിലും സ്വീകരിച്ചിരുന്നു. അതേസമയം, ഇതോടൊപ്പം കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന, വെള്ളി , ശനി ദിവസങ്ങളിലെ വേദോപദേശ ക്ലാസുകള്‍ (മതപഠനം) പളളി അധികൃതര്‍ നാലു ആഴ്ചത്തേയ്ക്ക് റദ്ദാക്കി. വാരാന്ത്യ ദിനമായ വ്യാഴാഴ്ച രാത്രിയില്‍ രാജ്യത്തെ പല പ്രമുഖ ഷോപ്പിങ് മാളുകളിലും ദുബായ് ഗ്ലോബൽ വില്ലേജിലും സന്ദര്‍ശക തിരക്കും കുത്തനെ കുറഞ്ഞു.