
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ സാധാരണ കേള്‍ക്കാറുള്ള വിമര്‍ശനങ്ങളും തര്‍ക്കങ്ങളും ഇത്തവണയില്ലെന്നും, ഈ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച അഞ്ചാമത്തെ സിനിമാ അവാര്‍ഡും ഒരു പരാതി പോലും ഇല്ലാതെയാണ് കഴിഞ്ഞതെന്നും മന്ത്രി സജി ചെറിയാന്‍ അവകാശപ്പെടുമ്പോള്‍, അദ്ദേഹത്തിന് ഓര്‍മ്മ നഷ്ടപ്പെട്ടോ എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നുണ്ട്. ‘കയ്യടി മാത്രമേയുള്ളൂ,’ എന്ന് മന്ത്രി ആവര്‍ത്തിക്കുമ്പോള്‍, ആ കയ്യടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന വിവാദങ്ങളുടെയും ആരോപണങ്ങളുടെയും ശബ്ദം കേള്‍ക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയതാണോ അതോ കണ്ടില്ലെന്ന് നടിക്കുന്നതാണോ? മമ്മൂട്ടിക്കും മോഹന്‍ലാലിനും ലഭിച്ച സ്വീകാര്യതയും ലാല്‍സലാം പരിപാടിയും വേടനെ സ്വീകരിച്ചതും ഉദാഹരണങ്ങളായി എടുത്തു കാണിക്കുമ്പോള്‍, മറുവശത്ത് അക്കാദമിക്കും സര്‍ക്കാരിനും നേരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളെ സൗകര്യപൂര്‍വ്വം മന്ത്രി വിസ്മരിക്കുകയാണ്.
‘ഒരു പരാതിയും ഇല്ലാത്ത’ അവാര്‍ഡ് പ്രഖ്യാപനം എന്ന മന്ത്രിയുടെ വാദം വസ്തുതാപരമായി ശരിയാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. സമീപകാല ചരിത്രം അങ്ങനെയല്ല നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്. 2022-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ അത്ര പെട്ടെന്ന് ആരും മറക്കാന്‍ ഇടയില്ല. അന്ന് വിനയന്‍ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിന് അവാര്‍ഡ് ലഭിക്കാതിരിക്കാന്‍ ചലച്ചിത്ര അക്കാദമിയിലെ ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപണം ശക്തമായി ഉയര്‍ന്നുവന്നിരുന്നു. ജൂറി അംഗങ്ങളെ സ്വാധീനിക്കാനും അവാര്‍ഡ് നിര്‍ണ്ണയത്തെ അട്ടിമറിക്കാനും ശ്രമം നടന്നുവെന്ന് സംവിധായകന്‍ വിനയന്‍ തന്നെ പരസ്യമായി ആരോപിക്കുകയും അതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്ന് പറയുകയും ചെയ്തിരുന്നു. ഈ വിഷയത്തില്‍ വലിയ തോതിലുള്ള പൊതുചര്‍ച്ചകള്‍ നടക്കുകയും ചലച്ചിത്ര അക്കാദമിയുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുകയും ചെയ്തു.
അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജി വെക്കണം എന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളുണ്ടായതും, അദ്ദേഹത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതും ഈ ‘കയ്യടി മാത്രം ലഭിച്ച’ കാലഘട്ടത്തില്‍ തന്നെയായിരുന്നില്ലേ? ജൂറി അംഗങ്ങളെ സ്വാധീനിക്കാന്‍ അക്കാദമി ചെയര്‍മാന്‍ ശ്രമിച്ചു എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ അന്ന് ഉന്നയിക്കപ്പെട്ടിരുന്നു. സിനിമയുടെ ഗുണമേന്മയേക്കാള്‍ വ്യക്തിബന്ധങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു എന്ന ആരോപണം ശക്തമായപ്പോള്‍, അതെങ്ങനെയാണ് ‘പരാതികളില്ലാത്ത’ കാലമായി മാറുന്നത്?
സ്വജനപക്ഷപാതവും വിലകുറഞ്ഞ രാഷ്ട്രീയക്കളികളും ഈ സര്‍ക്കാരിന്റെ കാലത്തെ അവാര്‍ഡ് നിര്‍ണ്ണയങ്ങളെയും സ്വാധീനിച്ചിട്ടില്ലെന്ന് മന്ത്രിക്ക് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുമോ? ഈ വര്‍ഷം തന്നെ ബാലചിത്രത്തിനോ ബാലതാരത്തിനോ അവാര്‍ഡ് പ്രഖ്യാപിക്കാതിരുന്നത് വിവാദമായിക്കഴിഞ്ഞു. സ്ത്രീ പീഢനകേസ് പ്രതിയ്ക്ക് പൊതുജനത്തിന്റെ പണം കൊണ്ട് അവാര്‍ഡ് കൊടുക്കുന്നത് ആരുടെതാത്പര്യത്തിനാണെന്ന് സാംസ്‌ക്കാരിക മന്ത്രി വിശദീകരിക്കേണ്ടതാണ്. ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ കേവലം കെട്ടിച്ചമച്ചതായിരുന്നില്ല. സിനിമയെ സ്‌നേഹിക്കുന്ന സാധാരണക്കാര്‍ക്കിടയിലും സിനിമാ മേഖലയിലുള്ളവര്‍ക്കിടയിലും ഈ ആരോപണങ്ങള്‍ വലിയ രീതിയില്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അവാര്‍ഡുകള്‍ രാഷ്ട്രീയ താല്പര്യങ്ങള്‍ക്കനുസരിച്ച് വിതരണം ചെയ്യപ്പെടുന്നതിന്റെ സൂചനകളായിട്ടാണ് പലരും ഇതിനെ കാണുന്നത്.
ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യവും നിഷ്പക്ഷവുമാകണം എന്ന് പറയുന്ന മന്ത്രി, ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താനോ ശരിയായ ഒരു വിശദീകരണം നല്‍കാനോ അന്ന് തയാറായില്ല എന്നത് ശ്രദ്ധേയമാണ്. പകരം, എല്ലാം സുഗമമായിരുന്നു എന്ന് പ്രസ്താവിക്കുന്നതിലൂടെ, അന്നത്തെ വിവാദങ്ങളെ അദ്ദേഹം സൗകര്യപൂര്‍വ്വം മായ്ച്ചുകളയാന്‍ ശ്രമിക്കുകയാണോ? സ്ത്രീപീഢകരായവരെ ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്നും ചലച്ചിത്ര സംഘടനകളില്‍ നിന്നും പുറത്താക്കുന്നതിന് പരസ്യ പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ ഇതേ കേസില്‍ പ്രതികളായവര്‍ക്ക് പുരസ്‌ക്കാരം നല്‍കുന്നു. എന്തൊരു വൈരുദ്ധ്യം, എന്തൊരു നിലപാടാണിത്..
ഒരു സര്‍ക്കാരിന്റെ ഭരണകാലഘട്ടത്തിലെ നേട്ടങ്ങള്‍ എടുത്തുപറയുമ്പോള്‍, വിമര്‍ശനങ്ങളെയും വിവാദങ്ങളെയും വിസ്മരിക്കുന്നത് ജനാധിപത്യപരമായ കീഴ് വഴക്കമല്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനും ലഭിച്ച അംഗീകാരങ്ങള്‍ കയ്യടി അര്‍ഹിക്കുന്നു എന്നത് ശരിതന്നെ. എന്നാല്‍, അതിനൊപ്പം ഉയര്‍ന്നുവന്ന വിവാദങ്ങളെയും ഗുരുതരമായ ആരോപണങ്ങളെയും വിസ്മരിക്കുന്നത് ചരിത്രത്തോടും പൊതുസമൂഹത്തോടുമുള്ള അനീതിയല്ലേ? ‘ആരും ഇതൊക്കെ പെട്ടെന്ന് മറക്കുമെന്നു കരുതേണ്ട,’ എന്ന് മന്ത്രി ഓര്‍ക്കേണ്ടത് അത്യാവശ്യമാണ്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള സംശയങ്ങള്‍ ഇന്നും പൂര്‍ണ്ണമായി മാറിയിട്ടില്ല. ഈ ഓര്‍മ്മപ്പെടുത്തലുകള്‍ മന്ത്രിക്ക് പ്രിയപ്പെട്ടതാകില്ലായിരിക്കാം, പക്ഷേ അവ യാഥാര്‍ത്ഥ്യങ്ങളാണ്.