പനിയെ പേടിക്കണം; സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 22 പേര്‍ മരിച്ചു

Jaihind Webdesk
Thursday, September 21, 2023

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്നു. മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് 22 പേര്‍ മരിച്ചു. ഇരുപതു ദിവസത്തിനിടെ ഒന്നര ലക്ഷത്തിലേറെ പേരാണ് പനി ബാധിച്ച് ചികില്‍സ തേടിയത്. അതേസമയം ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തു നിപ ഭീതി അകലുന്നതിനിടെയാണ് വീണ്ടും ഡെങ്കിപനി പടർന്നു പിടിക്കുന്നത്. ബുധനാഴ്ച മാത്രം 89 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. 141 പേരാണ് ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയത്. മൂന്നാഴ്ചയ്ക്കിടെ ഡങ്കിപ്പനി ബാധിച്ച് 22 പേരാണ് മരിച്ചത്. അതേസമയം ഡങ്കിപ്പനി ബാധിച്ചവരില്‍ തന്നെ വീണ്ടും രോഗം ബാധിക്കുമ്പോള്‍ അവരുടെ നില ഗുരുതരാവസ്ഥയിലേയ്ക്ക് പോകുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഡെങ്കിപ്പണിക്ക് പുറമെ സംസ്ഥാനത്തു വൈറല്‍ പനിയും രൂക്ഷമാവുകയാണ്. 20 ദിവസത്തിനിടയിലെ പനി ബാധിതരുടെ എണ്ണം ഒരു ലക്ഷത്തി അമ്പത്തി രണ്ടായിരമാണ്. ഡെങ്കിപനിക്ക് പുറമെ വൈറല്‍ പനിയും പടരുകയാണ്. തിങ്കളാഴ്ച 8556 പേരും ചൊവ്വാഴ്ച 9013 പേരും ഇന്നലെ 8757 പേരും പനി ബാധിച്ച് ചികില്‍സ തേടി. അതേസമയം എലിപ്പനി ബാധിച്ച് 10 പേര്‍ മരിച്ചു. പകർച്ചവ്യാധികളും മറ്റും പകരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും സ്വയം ചികില്‍സ പാടില്ലെന്നുമാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് .