
കാര്‍ഷിക സര്‍വ്വകലാശാലയിലെ ഫീസ് വര്‍ദ്ധനവിനെതിരെ കെ.എസ്.യു പ്രതിഷേധം ശക്തമാക്കുന്നു.സര്‍വ്വകലാശാലയ്ക്ക് കീഴില്‍ വരുന്ന കോളേജുകളില്‍ നാളെ സംസ്ഥാന വ്യാപകമായി കെ.എസ്.യു പഠിപ്പുമുടക്കുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥി വിരുദ്ധതയുടെ ഉറവിടമായി സംസ്ഥാന സര്‍ക്കാര്‍ മാറുകയാണെന്ന് അലോഷ്യസ് കുറ്റപ്പെടുത്തി. കാര്‍ഷിക സര്‍വ്വകലാശാലയിലെ ഫീസ് നിരക്ക് കുത്തനെ കൂട്ടിയത് സിന്‍ഡിക്കേറ്റിന് സമാന അധികാരമുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയാണ്. സിപിഎം- സിപിഐ പ്രതിനിധികളാണ് പ്രസ്തുത കമ്മിറ്റിയിലുള്ളത്. ഈ വസ്തുത നിലനില്‍ക്കെ പിഎം ശ്രീ വിഷയത്തില്‍ ഉള്‍പ്പടെ മുഖം നഷ്ടപ്പെട്ട എസ്.എഫ്.ഐ നടത്തുന്ന സെറ്റിട്ട സമര നാടകങ്ങള്‍ വിദ്യാര്‍ത്ഥി സമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഫീസ് വര്‍ദ്ധിപ്പിച്ചത് വൈസ് ചാന്‍സലറുടെ ചുമതലയുള്ള ബി. അശോക് ഐഎഎസ് എങ്കില്‍ അദ്ദേഹത്തെ നിലക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് കൊണ്ട് തയാറാവുന്നില്ല. എസ്എഫ്‌ഐ സമരം ചെയ്യേണ്ടത് വിദ്യാര്‍ത്ഥി വിരുദ്ധതയുടെ കേന്ദ്രമായി മാറിയ സംസ്ഥാന സര്‍ക്കാരിനെതിരെയാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.