ഷെ​ഫീ​ഖ് വ​ധ​ശ്ര​മ​ക്കേ​സില്‍ ​പിതാ​വും ര​ണ്ടാ​ന​മ്മ​യും കു​റ്റ​ക്കാ​ർ; ഒന്നാം പ്രതിക്ക് 7 വർഷവും രണ്ടാം പ്രതിക്ക് 10 വർഷവും തടവ് ശിക്ഷ

Jaihind Webdesk
Friday, December 20, 2024

കൊച്ചി:  ഇടുക്കി കുമളിയില്‍ അഞ്ചു വയസുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പിതാവും രണ്ടാനമ്മയും കുറ്റക്കാരെന്ന് തെളിഞ്ഞു. സംഭവം നടന്നത് 11 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. ഇടുക്കി ഒന്നാം ക്ലാസ് അഡീഷണല്‍ മജിസ്ട്രേറ്റ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി ഷെരീഫിന് 7 വർഷം തടവും അര ലക്ഷം രൂപ പിഴയും ചുമത്തി. രണ്ടാം പ്രതി അനീഷയ്ക്കു 10 വർഷം തടവും ലഭിച്ചു.

2013 ജൂലൈ 15 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പട്ടിണി കിടത്തിയും ക്രൂരമായി മര്‍ദിച്ചും കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നാതായിരുന്നു കേസ്. ഷെഫീക്കിന്‍റെ പിതാവ് ഷെരീഫ്, രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ ദിവസം പ്രതികള്‍ ഇരുവരും കോടതിയില്‍ ഹാജരായി.

ഷെഫീഖ് സംഭവത്തിന് ശേഷം വര്‍ഷങ്ങളായി അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളജിന്‍റെ സംരക്ഷണയില്‍ കഴിയുകയാണ്. ക്രൂര പീഡനം അനുഭവിച്ച കുട്ടി വര്‍ഷങ്ങള്‍ നീണ്ട ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. എന്നാല്‍ തലച്ചോറിനേറ്റ ക്ഷതം കുട്ടിയുടെ മാനസിക വളര്‍ച്ചയെ നന്നായി ബാധിച്ചിട്ടുണ്ട്.

2013ല്‍ നടന്ന കേസിന്‍റെ വിചാരണ 2021 ലാണ് തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വിചാരണ പൂര്‍ത്തിയായി.
കേസില്‍ ദൃക്സാക്ഷികള്‍ ഇല്ലാതിരുന്നിട്ടും മെഡിക്കല്‍ തെളിവുകളുടേയും സാഹചര്യ തെളിവുകളുടേയും സഹാത്താടെയാണ് വാദം പൂര്‍ത്തിയാക്കിയത്.