കാര്‍ഷിക നിയമങ്ങള്‍ രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കണം ; ഫോർമുലയുമായി അമരീന്ദര്‍ സിംഗ്

 

അമൃത്സര്‍: വിവാദ കാർഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധം അവസാനിപ്പിക്കാന്‍ പുതിയ ഫോർമുല അവതരിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. കാര്‍ഷിക നിയമങ്ങള്‍ രണ്ട് വര്‍ഷത്തേക്ക് മരവിപ്പിക്കണം. സമരം ആരംഭിച്ചതിന് ശേഷം പാക്കിസ്ഥാനില്‍ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങള്‍ ഒഴുകുകയാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

ചില കര്‍ഷക സംഘടനകള്‍ നിയമം 18 മാസം നിര്‍ത്തിവെക്കാമെന്ന കേന്ദ്ര നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ മൂന്ന് വര്‍ഷത്തേക്ക് നിയമം നടപ്പിലാക്കരുതെന്നാണ് ഭൂരിഭാഗം കര്‍ഷകരും ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതു കണക്കിലെടുത്താണ് രണ്ടു വര്‍ഷമെന്ന നിര്‍ദേശം മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എല്ലാ യുദ്ധവും അവസാനിച്ചേ തീരു. രണ്ടാം ലോകമഹായുദ്ധമായാലും ഇവിടെ നടക്കുന്ന കര്‍ഷകരുടെ യുദ്ധമായാലും, എല്ലാം എന്നെങ്കിലും അവസാനിച്ചല്ലേ തീരു. പക്ഷെ ആ അവസാനം ചര്‍ച്ചകളിലൂടെയായിരിക്കണം. അതല്ലാതെ മറ്റൊരു മാര്‍ഗമില്ല,’ അമരീന്ദര്‍ സിംഗ് പറഞ്ഞു.

Comments (0)
Add Comment