കേന്ദ്ര സർക്കാരിന് ശക്തമായ താക്കീതുമായി ഡൽഹിയിൽ കർഷകരുടെ പ്രതിഷേധം.കേന്ദ്രത്തിന്‍റെ കർഷക വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് വിവിധ കർഷക സംഘടനകൾ നടത്തിയ മാർച്ചിൽ ഒരു ലക്ഷത്തിലധികം പേർ അണിനിരന്നു.
മോദി സർക്കാരിന്‍റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധവുമായി ഒരു ലക്ഷത്തിലധികം കർഷകരാണ് രാജ്യതലസ്ഥാനത്ത് എത്തിച്ചേർന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നും ഇന്നലെ ജന്തർ മന്ദിറിൽ എത്തിച്ചേർന്ന കർഷകർ രാവിലെ പതിനൊന്ന് മണിയോടെ പാർലമെൻറിലേക്ക് മാർച്ച് നടത്തി.
Delhi: Farmers from all across the nation hold protest for the second day over their demands of debt relief, better MSP for crops, among others; latest #visuals from near Barakhamba Road. pic.twitter.com/Po5aGAhuSk
— ANI (@ANI) November 30, 2018
കര്‍ഷകസംഘടനകളുടെ ഏകോപന സമിതിയായ അഖിലേന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.209 കർഷക സംഘടനകൾ മാർച്ചിൽ പങ്കാളികളായി. 21 രാഷ്ട്രീയ പാർട്ടികൾ കർഷക പ്രതിഷേധത്തിന് പിൻതുണ നൽകി. പാർലമെന്‍റ് സ്ട്രീറ്റിൽ മാർച്ച് സമാപിച്ചപ്പോഴും വിവിധ രാഷ്ടീയകക്ഷികളിലെ നിരവധി നേതാക്കൾ കർഷകർക്ക് പിൻതുണയുമായെത്തി. കർഷകരെ മറന്നുള്ള ഭരണമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും രാജ്യത്തെ കർഷകർ മോദിയെ പുറത്താക്കുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.
കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയുന്നതിനായി പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്നതാണ് കർഷകർ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യം. കാർഷിക കടങ്ങൾ എഴുതിത്തള്ളുക, സ്വാമിനാഥൻ കമ്മീഷൻ ശുപാർശ പ്രകാരമുള്ള കുറഞ്ഞ താങ്ങുവില ഉറപ്പാക്കുക, കൃഷിഭൂമിയിലുള്ള അവകാശം ഉറപ്പാക്കുക, ന്യായമായ കൂലിയും ലാഭവും ലഭ്യമാക്കും തുടങ്ങിയ ആവശ്യങ്ങളും ഇവർ മുന്നോട്ട് വയ്ക്കുന്നത്. വരും നാളുകളിലും കേന്ദ്ര സർക്കാരിനെതിരെ സമരം ശക്തമാക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.