കാർഷിക നിയമങ്ങളിൽ എൻഡിഎയ്ക്കുള്ളില്‍ അമർഷം ; കേന്ദ്രത്തെ വിമർശിച്ച് ജെജെപി

 

ന്യൂഡല്‍ഹി : വിവാദ കാർഷിക നിയമങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ബിജെപി സഖ്യകക്ഷി ജെജെപി. എന്തുകൊണ്ട് താങ്ങുവിലയുടെ കാര്യത്തിൽ ഉറപ്പ് കാർഷിക നിയമങ്ങളിൽ ഉണ്ടായില്ല എന്ന ചോദ്യവുമായി ജെജെപി അധ്യക്ഷൻ അജയ് സിങ് ചൗട്ടാല രംഗത്തെത്തി. വിഷയത്തിൽ കർഷകരുമായും കേന്ദ്ര സർക്കാരുമായും ചർച്ചകൾ നടത്തുമെന്നും ജെജെപി നേതൃത്വം വ്യക്തമാക്കി.

കർഷക പ്രതിഷേധം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിലാണ്  സർക്കാരിനെതിരെ മുന്നണിയിൽ എതിർ സ്വരം ഉയരുന്നത്. ഹരിയാനയിലെ ബിജെപി സഖ്യകക്ഷി ജെജെപിയാണ് കാർഷിക നിയമങ്ങളിലെ എതിർപ്പ് പരസ്യമാക്കി രംഗത്തെത്തിയത്. ജെജെപി അധ്യക്ഷനും ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ പിതാവുമായ അജയ് സിങ് ചൗട്ടാലയാണ് കാർഷിക നിയമങ്ങൾക്ക് എതിരെ രംഗത്ത് വന്നത്. കാർഷിക വിളകളുടെ താങ്ങു വിലയുടെ കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്തണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

താങ്ങുവിലയുടെ കാര്യത്തിൽ നിയമങ്ങളിൽ ഉറപ്പ് നൽകിയാൽ എന്തായിരുന്നു പ്രശ്നം എന്നും അദ്ദേഹം ചോദിച്ചു. നേരത്തെ കർഷകർ ഹരിയാന ആഭ്യന്തര മന്ത്രിയും ജെജെപി നേതാവുമായ അനിൽ വിജിനെ കരിങ്കൊടി കാണിച്ചിരുന്നു. പ്രതിഷേധം കൂടുതൽ കനക്കുന്നത്  കൂടുതൽ പ്രതിസന്ധി സൃഷ്‌ടിക്കും എന്ന തിരിച്ചറിവാണ് ജെജെപിയെ നിലപാട് കടുപ്പിക്കാൻ പ്രേരിപ്പിച്ചത്. എംഎൽഎമാർ കാർഷിക നിയമത്തിന് പിന്തുണയുമായി രംഗത്ത് വന്നതും ജെജെപിയെ സമ്മർദ്ദത്തിലാക്കി.
ഇന്നലെ സ്വതന്ത്ര എം എൽ എ സോംബിർ സഗ്വാണ് കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഹരിയാന സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. നേരത്തെ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ശിരോമണി അഖാലി ദൾ എൻ ഡി എ വിട്ടിരുന്നു.

Comments (0)
Add Comment