
അന്തരിച്ച ബഹുമുഖ പ്രതിഭ ശ്രീനിവാസന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം നടക്കുക. പ്രിയ കലാകാരനെ അവസാനമായി ഒരുനോക്ക് കാണാന്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള വന്‍ ജനാവലിയാണ് ഒഴുകിയെത്തിയത്. ടൗണ്‍ ഹാളിലും കണ്ടനാട്ടെ വീട്ടിലുമായി നടന്ന പൊതുദര്‍ശനത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക, സിനിമാ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആശുപത്രിയില്‍ നിന്ന് മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ക്കാണ് കണ്ടനാട് സാക്ഷ്യം വഹിച്ചത്.
മലയാളിയുടെ ഭാവങ്ങളെ ഒട്ടും നാടകീയതയില്ലാതെ വെള്ളിത്തിരയില്‍ എത്തിച്ച പ്രതിഭയായിരുന്നു അദ്ദേഹം. നര്‍മ്മവും പരിഹാസവും വിമര്‍ശനവും ഒരേപോലെ കൈകാര്യം ചെയ്ത ശ്രീനിവാസന്‍, പ്രണയവും സൗഹൃദവും സങ്കടവുമെല്ലാം അതിന്റെ തീവ്രതയില്‍ പ്രേക്ഷകരിലേക്ക് എത്തിച്ചു. മലയാള സിനിമയിലെ ‘ബുദ്ധിമാനായ സിനിമാക്കാരന്‍’ എന്ന വിശേഷണത്തിന് അര്‍ഹനായ അദ്ദേഹം തന്റേതായ ഒരു ശൈലി സിനിമയില്‍ അടയാളപ്പെടുത്തിയാണ് വിടവാങ്ങുന്നത്.