കെപിസിസി പ്രസിഡന്‍റിനെതിരായ കള്ളക്കേസ്: എം.വി ഗോവിന്ദന്‍റെ വിവാദ പരാമർശത്തില്‍ തെളിയുന്നത് ഗൂഢാലോചന; വെട്ടിലായി സര്‍ക്കാരും സിപിഎമ്മും

Jaihind Webdesk
Sunday, June 18, 2023

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപിക്കെതിരായ കള്ളക്കേസിന് പിന്നില്‍ സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ഗൂഢാലോചനയെന്ന് വ്യക്തമായി. പോക്സോ കേസുമായി ബന്ധപ്പെട്ടാണ് കെ സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ വിവാദ പരാമർശം തള്ളി ക്രൈം ബ്രാഞ്ച് രംഗത്തെി. പണമിടപാടുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് അന്വേഷണസംഘം വ്യക്തമാക്കിയതോടെ മറുപടിയില്ലാതെ വെട്ടിലായിരിക്കുകയാണ് സർക്കാരും സിപിഎമ്മും.

‘കെപിസിസി പ്രസിഡന്‍റിന്‍റെ പേരില്‍ പുതിയ കേസ് വരുമായിരിക്കും’ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രസ്താവനയിലൂടെ സർക്കാരും സിപിഎമ്മും നടത്തുന്ന ഗൂഢാലോചനയാണ് വെളിപ്പെടുന്നത്. മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസുമായി ബന്ധപ്പെടുത്തിയായിരുന്നു എം.വി ഗോവിന്ദന്‍റെ പരാമർശം. എന്നാല്‍ കെ സുധാകരനെ ചോദ്യംചെയ്യാൻ വിളിപ്പിച്ചത് പോക്സോ കേസുമായി ബന്ധപ്പെട്ടല്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഇതോടെ എം.വി ഗോവിന്ദന്‍ വെട്ടിലായി. ഇതില്‍ നിന്ന് രക്ഷപ്പെടാനായി പറഞ്ഞ മറുപടിയാകട്ടെ കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കി. ‘സുധാകരനെ ചോദ്യം ചെയ്യാനായി വേറെ വിളിപ്പിക്കുമായിരിക്കും’ എന്ന പ്രതികരണം കൂടുതല്‍ സംശയമുണർത്തുന്നു.

‌തന്നെ പീഡിപ്പിക്കുമ്പോൾ കെ സുധാകരൻ അവിടെ ഉണ്ടായിരുന്നെന്ന് അതിജീവിത മൊഴി നൽകിയിട്ടുണ്ടെന്നും ആ കേസിൽ ചോദ്യം ചെയ്യാനാണു കെ സുധാകരനെ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചിരിക്കുന്നതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തില്‍ പറഞ്ഞത്.  അതേസമയം 2019 ജൂലൈ 26 നാണ് മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ പോക്സോ കേസിന് ആധാരമായ സംഭവം നടന്നത്. ചികിത്സയ്ക്കായി കെ സുധാകരന്‍ മോൻസന്‍റെ വീട്ടിലെത്തിയതാകട്ടെ 2018 നവംബറിലും. പോക്സോ കേസിലെ കോടതി രേഖകളിലും കെ സുധാകരന്‍റെ പേരില്ല. ‘‘ക്രൈം ബ്രാഞ്ച് പറഞ്ഞതും വാർത്തയിലുള്ളതുമാണു പറയുന്നത്. പീഡനവിവരം അറിഞ്ഞിട്ടും സുധാകരൻ ഇടപെട്ടില്ലെന്നാണ് വാർത്ത. ദേശാഭിമാനിയെ വിശ്വസിച്ചാണു ഞാൻ പറയുന്നത്. അത് വസ്തുതയാണ്, പരിശോധിക്കട്ടെ’’– ഇതായിരുന്നു എം.വി ഗോവിന്ദന്‍റെ വാക്കുകൾ.

മോന്‍സണ്‍ മാവുങ്കലിന്‍റെ തട്ടിപ്പുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്‍റിനെയും ഉള്‍പ്പെടുത്തി ചമച്ച കേസ് അടിസ്ഥാനരഹിതമാണെന്ന് ഇതിനോടകം തന്നെ വ്യക്തമായിട്ടുള്ളതാണ്. ഇത് വിലപ്പോവില്ലെന്ന് കണ്ടാണ് എം.വി ഗോവിന്ദന്‍ കേസിനെ വഴിതിരിച്ചുവിടാന്‍ ശ്രമം നടത്തിയതെന്നാണ് പുതിയ പരാമർശത്തില്‍ നിന്ന് വ്യക്തമാകുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് അന്വേഷണ സംഘം തന്നെ വ്യക്തമാക്കിയത് സിപിഎം പാർട്ടിസെക്രട്ടറിക്ക് കനത്ത തിരിച്ചടിയായി. മോന്‍സണ്‍ മാവുങ്കലിന്‍റെ അഭിഭാഷകനും എം.വി ഗോവിന്ദന്‍റെ പരാമർശം തെറ്റാണെന്ന് വ്യക്തമാക്കി.

അതേസമയം പാർട്ടി സെക്രട്ടറിയുടെ ഇത്തരം പ്രസ്താവനകളിലൂടെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. കെപിസിസി പ്രസിഡന്‍റിനെതിരെ കരുതിക്കൂട്ടിയുള്ള ആക്രമണമാണ് നടക്കുന്നത് എന്നതിന് ബലമേകുന്നതാണ് എം.വി ഗോവിന്ദന്‍റെ ഇന്നത്തെ പ്രസ്താവന. എല്ലാം തിരക്കഥയ്ക്ക് അനുസരിച്ചാണോ എന്ന് ആരിലും സംശയം ഉണർത്തുന്നതാണ് ‘അടുത്ത കേസ് വരുമായിരിക്കും’ എന്ന പരാമർശം. അതിജീവിത പറയാത്ത ഒരു മൊഴി എങ്ങനെ എം.വി ഗോവിന്ദന് ലഭിച്ചു എന്നതാണ് പ്രസക്തമായ ചോദ്യം. മാത്രമല്ല 164 പ്രകാരം നല്‍കിയ രഹസ്യമൊഴി പാർട്ടി സെക്രട്ടറിക്ക് ലഭിച്ചത് എങ്ങനെയെന്നതില്‍ വ്യക്തത വരുത്തേണ്ട ബാധ്യതയും ഉണ്ട്. പാർട്ടി സെക്രട്ടറി പറയും പിണറായി പോലീസ്  അന്വേഷിക്കും എന്നതാണോ നടക്കുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.

സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിപക്ഷം അതിശക്തമായ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കള്ളക്കേസുകള്‍ എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഇതുകൊണ്ടൊന്നും തങ്ങള്‍ പിന്നോട്ടുപോകില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയതോടെ മുഖ്യമന്ത്രിയും സര്‍ക്കാരും അങ്കലാപ്പിലായി. എതിർശബ്ദം ഉയർത്തുന്നവരെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തുക എന്ന ഫാസിസ്റ്റ് തന്ത്രമാണ് പിണറായി സര്‍ക്കാര്‍ പ്രയോഗിക്കുന്നത്. എന്നാല്‍ അടിസ്ഥാനമില്ലാത്ത ദുർബലമായ ആരോപണങ്ങള്‍ പ്രതിപക്ഷത്തിന് മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നതിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. ഇതോടെ ജനങ്ങള്‍ക്ക് മുന്നില്‍ അഴിമതി ആരോപണങ്ങളുടെ ശരശയ്യയിലായ സര്‍ക്കാരിന്‍റെ മുഖം തീർത്തും നഷ്ടമായിരിക്കുകയാണ്.