Cloud seeding Delhi| ഡല്‍ഹിയില്‍ പരാജയപ്പെട്ട ക്ലൗഡ് സീഡിംഗ്: കോടികള്‍ ചെലവഴിച്ചുള്ള ‘മഴ’ ഒരു ഔദ്യോഗിക തട്ടിപ്പോ? കോണ്‍ഗ്രസ് പരാതി നല്കി

Jaihind News Bureau
Thursday, October 30, 2025

ഡല്‍ഹിയിലെ രൂക്ഷമായ മലിനീകരണം നിയന്ത്രിക്കാന്‍ കൃത്രിമ മഴ പെയ്യിക്കാന്‍ നടത്തിയ മൂന്ന് ക്ലൗഡ് സീഡിംഗ് ശ്രമങ്ങളും പരാജയപ്പെട്ടു. ഇതേതുടര്‍ന്ന് ഈ പദ്ധതിയുടെ പ്രായോഗികത ആലോചിക്കാതെ കോടികള്‍ മുടക്കിയതിനെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷവും പരിസ്ഥിതി പ്രവര്‍ത്തകരും ചോദ്യം ചെയ്യുന്നു. ചരിത്രപരമായിത്തന്നെ കുറഞ്ഞ വിജയനിരക്കുള്ള ഒരു സംരംഭത്തിന് ഇത്രയധികം പണം ചിലവഴിക്കുന്നത് ന്യായീകരിക്കാനാകുമോ എന്നതാണ് പ്രധാന ചോദ്യം. സര്‍ക്കാര്‍ തലത്തില്‍ നടത്തിയ ഒരു ഔദ്യോഗിക തട്ടിപ്പാണെന്ന് ആരോപണം ഉയരുന്നു.

ഒക്ടോബര്‍ 23-നും 28-നും ഡല്‍ഹി സര്‍ക്കാര്‍ IIT കാണ്‍പൂരുമായി സഹകരിച്ച് നടത്തിയ മൂന്ന് പരീക്ഷണങ്ങളും ഡല്‍ഹിയില്‍ കാര്യമായ മഴ പെയ്യിക്കുന്നതില്‍ പരാജയപ്പെട്ടു. IIT കാണ്‍പൂര്‍ ഡയറക്ടര്‍ മനിന്ദ്ര അഗര്‍വാളിന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 28-ലെ രണ്ട് പരീക്ഷണങ്ങള്‍ക്കായി (300 ചതുരശ്ര കിലോമീറ്ററില്‍ നടത്തിയത്) ഏകദേശം 60 ലക്ഷം രൂപയാണ് ചിലവഴിച്ചത്. അതായത്, ഒരു ചതുരശ്ര കിലോമീറ്ററിന് ഏകദേശം 20,000 രൂപ. ഇതുവരെ മൂന്ന് പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. 1.07 കോടി രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു, ഒരു തുള്ളി മഴ പോലും പെയ്തിട്ടില്ല. 3.21 കോടി രൂപയ്ക്ക് ഒമ്പത് പരീക്ഷണങ്ങള്‍ നടത്താനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. ലളിതമായ കണക്കുകൂട്ടല്‍ പ്രകാരം, ഒരു പരീക്ഷണത്തിന് ഏകദേശം 35.67 ലക്ഷം രൂപ വരും. ഡല്‍ഹിയിലെ മൊത്തം മലിനീകരണ നിയന്ത്രണ ബഡ്ജറ്റായ ഏകദേശം 300 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക ‘വളരെ വലുതല്ല’ എന്നാണ് ഐഐടി ഡയറക്ടറുടെ നിലപാട്.

ഡല്‍ഹിയുടെ കാര്യത്തില്‍, ക്ലൗഡ് സീഡിംഗ് പരീക്ഷണം പരാജയപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു. മേഘങ്ങളില്‍ ആവശ്യത്തിന് ഈര്‍പ്പം ഇല്ലാത്തതാണ് പരാജയത്തിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടിയത്. മലിനമായ വായു ശുദ്ധീകരിക്കുന്നതില്‍ ഒരു പരീക്ഷണ ചൂതാട്ടം മാത്രമാണ് ക്ലൗഡ് സീഡിംഗ് . ഇത്തരത്തിലുള്ള താല്‍ക്കാലിക നടപടിക്ക് ഭീമമായ ഈ തുക വളരെക്കൂടുതലാണ്. ദീര്‍ഘകാലവും തെളിയിക്കപ്പെട്ടതുമായ പരിഹാരങ്ങള്‍ നടപ്പിലാക്കാതെ വായു മലിനീകരണം പരിഹരിക്കാന്‍ ഒരു കുറുക്കുവഴി കണ്ടെത്താന്‍ ശ്രമിക്കുന്നതിനെ പ്രതിപക്ഷം സര്‍ക്കാരിനെ കുറ്റപ്പെടുത്തി. യൂത്ത്് കോണ്‍ഗ്രസ് ഇതിനെ മഴമോഷണമെന്നാണ് വിശേഷിപ്പിച്ചത്. മഴയുടെ പേരില്‍ കോടികള്‍ വെട്ടിച്ചതിന് ഡല്‍ഹിയിലെ ബിജെപി സര്‍ക്കാരിനെതിരേ യൂത്ത് കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കി