വീണ്ടും സുരക്ഷാ വീഴ്ച; ഫെയ്‌സ്ബുക്കിന് 100 കോടിയിലധികം ഡോളര്‍ പിഴ ചുമത്തിയേക്കും

Jaihind Webdesk
Saturday, December 15, 2018

 

തുടര്‍ച്ചയായി ഉപFacebook-Dublin

ഭോക്താക്കളുടെ വിവരങ്ങള്‍ ചോരുന്ന സംഭവങ്ങള്‍ ഫേസ്ബുക്കിന് തിരിച്ചടിയാകുന്നു. വീണ്ടും സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫേസ്ബുക്കിന് 100 കോടി ഡോളര്‍ പിഴ ചുമത്തിയേക്കും.

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തില്‍ ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷനാണ് ഫെയ്‌സ്ബുക്കിനെതിരേ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഉപയോക്താക്കളുടെ ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ പരസ്യമാക്കി എന്ന ആരോപണം നേരത്തെ തന്നെ ഫേസ് ബുക്കിനെതിരെ ഉയര്‍ന്നിരുന്നു. ഇക്കാര്യം കഴിഞ്ഞ ദിവസം ഫേസ് ബുക്ക് തന്നെ സമ്മതിച്ചിരുന്നു.  സെപ്റ്റംബറില്‍ 68 ലക്ഷം ഉപയോക്താക്കളുടെ ചിത്രങ്ങള്‍ ചോര്‍ന്നതായാണ് ഫേസ്ബുക്ക് വെളിപ്പെടുത്തിയത്.

അയര്‍ലന്‍ഡിലെ ഡബ്ലിനിലാണ് ഫെയ്‌സ്ബുക്കിന്‍റെ യൂറോപിലെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ജിഡിപിആര്‍ നിയമവുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കിന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കേണ്ട ചുമതല ഐറിഷ് ഡാറ്റാ പ്രൊട്ടക്ഷന്‍ കമ്മീഷനാണ് നല്‍കിയിരിക്കുന്നത്. ജിഡിപിആര്‍ നിയമം അനുസരിച്ച് വിവര ചോര്‍ച്ചയുണ്ടായി 72 മണിക്കൂറിനുള്ളില്‍ തന്നെ ആ വിവരം ഐറിഷ് അധികൃതരെയാണ് ഫെയ്‌സ്ബുക്ക് അറിയിക്കേണ്ടത്.

ജിഡിപിആര്‍ നിയമ ലംഘനം നടത്തുന്ന കമ്പനികള്‍ക്ക് 2.3 കോടി ഡോളര്‍ അല്ലെങ്കില്‍ കമ്പനിയുടെ ആഗോള വാര്‍ഷിക വരുമാനത്തിന്റെ നാല് ശതമാനമോ നല്‍കണം എന്നാണ് നിബന്ധന.

2017 ല്‍ ഫെയ്‌സ്ബുക്കിന്‍റെ വാര്‍ഷിക ആഗോള വരുമാനം 4000 കോടി ഡോളറാണ്. 2018ലും ഫെയ്‌സ്ബുക്കിന്‍റെ വരുമാനം ഏകദേശം തുല്യമാണ്. അങ്ങനെ വരുമ്പോള്‍ 160 കോടി ഡോളര്‍ ഫെയ്‌സ്ബുക്ക് പിഴയായി നല്‍കേണ്ടി വരും.

കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് വെളിപ്പെടുത്തിയ വിവര ചോര്‍ച്ചാ സംഭവം സെപ്റ്റംബറില്‍ നടന്നതാണ്. രണ്ട് മാസം വൈകി നവംബര്‍ 22 നാണ് ഫെയ്‌സ്ബുക്ക് അക്കാര്യം അധികൃതരെ അറിയിച്ചത്.

എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട പ്രശ്‌നമാണെന്ന് തിരിച്ചറിഞ്ഞയുടന്‍ തന്നെ അത് ജിഡിപിആര്‍ അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് പറഞ്ഞു.