കേരളത്തിൽ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകള്‍

Jaihind Webdesk
Monday, May 20, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വരുമ്പോൾ കേരളത്തിൽ യുഡിഎഫ് നേട്ടമുണ്ടാക്കുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നു. 16 സീറ്റുവരെ യുഡിഎഫിന് ലഭിക്കാമെന്നാണ് പ്രവചനം. എക്‌സിറ്റ് പോൾ ഫലം പുറത്തുവിട്ട ഭൂരിപക്ഷം ഏജൻസികളും ചാനലുകളും കേരളം യുഡിഎഫിന് ഒപ്പമെന്ന് ഉറപ്പിക്കുന്നു.

മിക്ക എക്‌സിറ്റ് പോളുകളും കേരളത്തിൽ യുഡിഫ് തരംഗമാണ് പ്രവചിക്കുന്നത്. 15 മുതൽ 16 സീറ്റ് വരെ കേരളത്തിൽ യുഡിഎഫ് നേടുമെന്നാണ് ഇന്ത്യാടുഡേ പറയുന്നത്. ഇടത് മുന്നണിക്ക് മൂന്ന് മുതൽ അഞ്ച് സീറ്റുകൾ വരെ പ്രവചിക്കുമ്പോൾ പൂജ്യം മുതൽ ഒന്ന് വരെ എന്നാണ് ഇന്ത്യാ ടുഡേ കേരളത്തിലെ ബിജെപിക്ക് പറയുന്ന സാധ്യത.

ടൈംസ് നൗ യുഡിഎഫിന് 15 സീറ്റും ചാണക്യ 16 സീറ്റുമാണ് യുഡിഎഫിന് പ്രവചിക്കുന്നത്. ഇടത് മുന്നണി നാല് സീറ്റ് വരെ നേടുമെന്നാണ് ടൈംസ് നൗ പ്രവചനം. ബിജെപിക്ക് കിട്ടാവുന്നത് ഒരു സീറ്റാണെന്നാണ് ടൈംസ് നൗ കണക്ക് കൂട്ടുന്നത്.

അതേസമയം ഭൂരിപക്ഷം സർവെകളും കേരളത്തിൽ യുഡിഎഫ് മുന്നേറ്റം പ്രവചിക്കുമ്പോൾ കേരളത്തിൽ ഇടത് മുന്നണി 11 മുതൽ 13 സീറ്റ് വരെ നേടിയേക്കാമെന്നാണ് ന്യൂസ് 18 സർവെയുടെ കണക്ക് കൂട്ടൽ. എൻഡിഎ അക്കൗണ്ട് തുറക്കുന്നെങ്കിൽ അത് ഒരു സീറ്റിൽ മാത്രമായി ഒതുങ്ങുമെന്ന വിലയിരുത്തലും സിഎൻഎൻ ന്യൂസ് 18 പങ്കുവയ്ക്കുന്നു. എന്നാൽ ബിജെപി ജയിക്കുന്ന സീറ്റ് ഏതെന്ന കൃത്യമായ പ്രവചനം ആരും നടത്തിയിട്ടില്ല.