ആള്‍ക്കൂട്ടത്തില്‍ അജയ്യനായി എന്നും

Jaihind Webdesk
Sunday, September 16, 2018

കോട്ടയം: ഞായറാഴ്ച ദിവസവും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടിയുടെ വീടിന് മുന്നിൽ വലിയ തിരക്കാണ്. പരാതികളും ആവശ്യങ്ങളും അറിയിക്കാനെത്തുന്ന ആരും തന്നെ നിരാശയോടെ മടങ്ങാറില്ല. വർഷങ്ങളായുള്ള പതിവ് ഉമ്മൻചാണ്ടിയും തെറ്റിക്കാറില്ല.

ഞായറാഴ്ചയാണ്. അവധി ദിവസമാണ്. പക്ഷേ ഇവിടെ തിരക്കാണ്. കാരണം ഇത് ഉമ്മൻ ചാണ്ടിയുടെ വീടാണ്.  ഞായറാഴ്ചകളിൽ മുടക്കം കൂടാതെ അദ്ദേഹം പുതുപ്പള്ളിയിലെ ഈ വീട്ടിൽ ഉണ്ടാകും. വർഷങ്ങളായുള്ള പതിവ് ഇതുവരെ തെറ്റിയിട്ടില്ല. അതുകൊണ്ട് തന്നെരാവിലെ മുതൽ തങ്ങളുടെ ആവശ്യങ്ങളും പരാതികളും പറയാനെത്തുന്ന വലിയൊരു ജനക്കൂട്ടത്തെയും ഇവിടെ കാണാം. അവരുടെ നടുവിൽ ഉമ്മൻചാണ്ടിയെയും.

രാവിലെ 6 മണിക്ക് ആദ്യം പളളിയിലേക്ക്. തിരികെ എത്തിയാൽ ഇവർക്കിടയിലേക്കാണ്. എല്ലാവരും പറയുന്നത് ക്ഷമയോടെ കേൾക്കും. പരിഹാരമുണ്ടാക്കാനാവുന്നതാണെങ്കിൽ ഉടൻ നടപടി ഉറപ്പ്. ഫോണിൽ വിളിക്കേണ്ട വരെ  അപ്പോൾ തന്നെ വിളിക്കും.

ചില പരിഭവങ്ങൾ നർമത്തിൽ ചാലിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്.ആവശ്യങ്ങൾ അനുവദിച്ചു കിട്ടിയവർ ഏറ്റുവാങ്ങാൻ എത്തിയിട്ടുണ്ടാവും. പുസ്തക പ്രകാശനം പോലുള്ള ചെറിയ ചടങ്ങുകളും  ഇതിനിടയിൽ നടക്കും. അങ്ങിനെ നിയമസഭയിലെത്തി 50 വർഷം തികയുമ്പോഴും ഉമ്മൻചാണ്ടിക്ക് വിശ്രമമില്ല. ഇവരുടെയൊക്കെ പ്രാർഥന തന്നെയാകും പ്രിയനേതാവിന് തുണയാകുന്നതും.