വിഴിഞ്ഞത്ത് പൂര്‍ത്തിയായത് 60 ശതമാനം നിര്‍മ്മാണം മാത്രം; പേര് നോട്ടീസില്‍ വച്ചത് അനുമതിയില്ലാതെയെന്ന് ഫാ.യൂജിന്‍ പെരേര


വിഴിഞ്ഞം തുറമുഖത്തിന് ആവശ്യമായ ക്രെയിന്‍ കപ്പലില്‍ കൊണ്ടുവരുന്നതിനെയാണ് സര്‍ക്കാര്‍ ആഘോഷിക്കുന്നതെന്ന് ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പെരേര. വിഴിഞ്ഞത്ത് പൂര്‍ത്തിയായത് അറുപത് ശതമാനം പണി മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. പലരും നാളെ കരിദിനം ആചരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നതായും എന്നാല്‍ സഭ അതിനെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തതെന്നും ഫാ.യൂജിന്‍ പെരേര കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ തങ്ങളുടെ അനുമതി ഇല്ലാതെ ആര്‍ച്ച് ബിഷപ്പിന്റെയും സൂസെപാക്യം പിതാവിന്റെയും പേര് നോട്ടീസില്‍ വച്ചതായും ഭരണാധികാരികള്‍ തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായും യുജിന്‍ പെരേര ആരോപിച്ചു. അതേസമയം നാളത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആര്‍ക്കും വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഴിഞ്ഞം മറ്റൊരു മുതലപ്പൊഴിയായി മാറുമെന്നും സഹകരണ മേഖലയില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ വാഗ്ദാനങ്ങളില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെയും സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ യൂജിന്‍ പെരേര രംഗത്തെത്തിയിരുന്നു. വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണില്‍ പൊടിയിടാനാണെന്നായിരുന്നു ഇന്നലത്തെ അദ്ദേഹത്തിന്റെ പ്രതികരണം. സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ചടങ്ങില്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്നും യൂജിന്‍ പെരേര ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

Comments (0)
Add Comment