ആളില്ലാത്ത വീടുകള്‍ നോക്കി മോഷണം; തൊണ്ടിമുതലുമായി പ്രതി പിടിയില്‍

Wednesday, July 17, 2024

 

കൊച്ചി: അടഞ്ഞുകിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതി എറണാകുളം പോലീസിൻ്റെ പിടിയിലായി. ആലപ്പുഴ അവലുക്കുന്ന് സ്വദേശിയായ രാജേഷ് ബാബു (48) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സൗത്ത്‌ പോലീസ് പാഴ്‌വരട്ടിയില്‍ പെട്രോളിംഗ് നടത്തി വരവെ കുരിശുപള്ളി റോഡിൽ മോഷണമുതലുമായി നാട്ടുകാർ പ്രതിയെ തടഞ്ഞുവെച്ചിരിക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതിയുടെ പക്കൽ നിന്നും പുരാവസ്തുക്കളും മറ്റ് മോഷണവസ്തുക്കളും കണ്ടെടുത്തു. പ്രതിക്കെതിരെ തോപ്പുംപടി പോലീസ് സ്റ്റേഷനിലും നോർത്ത് പറവൂർ പോലീസ് സ്റ്റേഷനിലും മോഷണ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.