കൊച്ചി : ജനസംഖ്യാനുപാതത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗവ്യാപനം ഉള്ള ജില്ലയായി എറണാകുളം മാറി. ജില്ലയിൽ 21 പേരിൽ ഒരാൾക്ക് വീതം കൊവിഡ് സ്ഥിരീകരിക്കുന്നു എന്നാണ് കണക്ക്. ഡൽഹിയിലും, മുംബൈയിലും ഇതിൽ കുറവ് ആളുകൾക്കേ വൈറസ് ബാധയുണ്ടാകുന്നുള്ളൂവെന്ന് ആരോഗ്യ വിദഗ്ധർ കണക്ക് നിരത്തി ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ 1,68,142 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇത് ആകെ ജനസംഖ്യയുടെ 5% വരും. ഇപ്പോൾ 10 ലക്ഷം പേരിൽ 1300 പേർക്കd പ്രതിദിനം കൊവിഡ് ബാധിക്കുന്നുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികൾ ചികിത്സയിലുള്ളതും എറണാകുളത്താണ്. 32,167 പേർ ഇന്നലെ വരെ ചികിത്സയിലുണ്ട്. 6 ദിവസം കൊണ്ട് ജില്ലയിലെ രോഗികളുടെ എണ്ണം ഇരട്ടിയായി എന്നാണ് വിലയിരുത്തൽ.
വൈറസ് ബാധയുണ്ടാകാൻ സാധ്യത കൂടുതലുള്ളവരെ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയതുകൊണ്ടാണു ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നു നിൽക്കുന്നതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വാദം. പരമാവധി കൊവിഡ് ബാധിതരെ കണ്ടെത്തി വ്യാപന തോത് കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. കൊവിഡ് ചികിത്സയ്ക്കായി 1146 കിടക്കകൾ ഒഴിവുണ്ടെന്നും അധികൃതർ അറിയിച്ചു. കളമശേരി ഗവണ്‍മെന്‍റ് മെഡിക്കൽ കോളജ് പൂർണമായും കൊവിഡ് ആശുപത്രിയാക്കും. ഓക്സിജൻ സൗകര്യം ആവശ്യമുള്ള രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് കളമശേരി മെഡിക്കൽ കോളേജ് പൂർണമായും കൊവിഡ് ആശുപത്രിയാക്കിക്കൊണ്ടുള്ള അടിയന്തര നടപടി. ഓക്സിജൻ സൗകര്യമുള്ള കിടക്കകളുടെ എണ്ണം 2 ആഴ്ചക്കുള്ളിൽ 35,000 മായി വർധിപ്പിക്കാനും തീരുമാനമുണ്ട്.