എറണാകുളത്ത് എലിപ്പനിയും പകര്‍ച്ചവ്യാധികളും വ്യാപകം; ഒരാഴ്ചയ്ക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 387 പേര്‍ക്ക്

Jaihind Webdesk
Saturday, November 25, 2023


എറണാകുളം ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 387 പേര്‍ക്ക്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയെ പ്രതിരോധിക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെയടക്കം കൂട്ടായ യത്‌നം അനിവാര്യമാണമെന്ന് ജില്ലാ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കി. ഇടവിട്ടുള്ള കനത്തമഴയ്ക്ക് പിറകെയാണ് ജില്ലയില്‍ എലിപ്പനിയും ഡെങ്കിപ്പനിയും ഒപ്പം പകര്‍ച്ചപ്പനിയും പടരുന്നത്. കൊച്ചി നഗരസഭ പരിധിയിലാണ് കൂടുതല്‍ രോഗബാധിതര്‍. കലൂര്‍, മട്ടാഞ്ചേരി, ഇടപ്പള്ളി, വടുതല എന്നിവിടങ്ങളിലാണ് കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൂടാതെ കളമശേരി, തൃക്കാക്കര, തൃപ്പുണിത്തുറ എന്നീ നഗരസഭ പ്രദേശങ്ങളിലും ഡെങ്കിപ്പനി ബാധിതര്‍ കൂടുതലാണ്. ജില്ലയില്‍ ഡെങ്കി ബാധിത പ്രദേശങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇടങ്ങളിലും വീടുകളില്‍ അകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കുന്ന ഇടങ്ങള്‍ എന്നിവയാണ് ഉറവിടങ്ങളായി ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനകളില്‍ കണ്ടെത്തിയത്. ജനപ്രതിനിധികളോടൊപ്പം സന്നദ്ധപ്രവര്‍ത്തകര്‍ വിവിധ വകുപ്പുകള്‍ എന്നിവയുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടേയും പൊതുജനങ്ങളുടെ പൂര്‍ണ പങ്കാളിത്തതോടെയും മാത്രമേ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാവുകയുള്ളൂ. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവര്‍ നിര്‍ബന്ധമായും പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കേണ്ടതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശം നല്‍കി. നീണ്ട് നില്‍ക്കുന്ന പനി, ശരീരവേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും ചികിത്സ തേടണം. ശരിയായ രോഗനിര്‍ണയവും ചികിത്സയും വൈകുന്നത് എലിപ്പനി ഗുരുതരമാകുന്നതിനും മരണം സംഭവിക്കുന്നതിനും കാരണമാകും.