ഇപി ജയരാജന്റെ ആത്മകഥാ വിവാദം ; രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്

Jaihind Webdesk
Monday, November 25, 2024


കൊച്ചി: ഇപി ജയരാജന്റെ ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് രവി ഡിസിയുടെ മൊഴിയെടുത്ത് പൊലീസ്. കോട്ടയം ഡിവൈഎസ്പി കെജി അനീഷ് ആണ് മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടു മണിക്കൂര്‍ നീണ്ടു. മുന്‍ നിശ്ചയിച്ച പ്രകാരം രവി ഡിസി ഡിവൈഎസ്പി ഓഫീസില്‍ ഹാജരാവുകയായിരുന്നു.

കരാര്‍ സംബന്ധിച്ച വിവരങ്ങള്‍ രവി ഡിസിയില്‍ നിന്ന് പൊലീസ് ചോദിച്ചറിഞ്ഞു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് സമര്‍പ്പിക്കും. ഇപി ജയരാജനുമായി ആത്മകഥ പ്രസിദ്ധീകരിക്കാന്‍ കരാര്‍ ഉണ്ടാക്കിയിട്ടില്ലെന്ന് രവി ഡിസി മൊഴി നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പുസ്തക വിവാദത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് മൊഴിയെടുപ്പ്. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ഇ പി ജയരാജനും ഡിസി ബുക്സും തമ്മില്‍ കരാറുണ്ടോയെന്ന കാര്യമാണ് പ്രധാനമായും പൊലീസ് പരിശോധിച്ചത്. ആത്മകഥ വിവാദത്തില്‍ ഇ പി ജയരാജന്റെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.

കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയിരുന്നത് ഡി സി ബുക്‌സിനെതിരെ ജയരാജന്‍ നിയമ നടപടി സ്വീകരിച്ചിരുന്നു. ആത്മകഥയില്‍ തെറ്റായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനെതിരെയായിരുന്നു ഇപി ജയരാജന്റെ നിയമനടപടി. ഇപി ജയരാജന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം.