സിപിഎം സെമിനാറില്‍ ഇ.പി ജയരാജനും പങ്കെടുക്കില്ല, വീണ്ടും തിരിച്ചടി; അതൃപ്തി പരസ്യമാക്കി എം.വി ഗോവിന്ദന്‍

Jaihind Webdesk
Saturday, July 15, 2023

 

തിരുവനന്തപുരം: യൂണിഫോം സിവിൽ കോഡ് വിഷയത്തിൽ സിപിഎം സംഘടിപ്പിക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാതെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. യൂണിഫോം സിവിൽ കോഡ് രാഷ്ട്രീയ ആയുധമാക്കി മുതലെടുപ്പ് നടത്താനിറങ്ങിയ സിപിഎമ്മിന്കനത്ത പ്രഹരമാണ് ഏൽക്കേണ്ടി വരുന്നത്. യൂണിഫോം സിവിൽ കോഡിനെതിരെ കോഴിക്കോട്ടെ സെമിനാറിൽ പങ്കെടുക്കാതെ മുന്നണി കണ്‍വീനർ ഇ.പി ജയരാജൻ തലസ്ഥാനത്ത് എത്തിയത് മുന്നണിയിലെയും പാർട്ടിയിലെയും അനൈക്യമാണ് കാണിക്കുന്നത്.

അതേസമയം ജയരാജൻ സെമിനാറിൽ നിന്നു വിട്ടുനിൽക്കുന്നതിൽ അതൃപ്തി പരസ്യമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ രംഗത്തുവന്നു. ഇ.പി ജയരാജൻ വിട്ടുനിൽക്കുന്നത് എന്തുകൊണ്ടെന്ന് അറിയില്ല, അദ്ദേഹത്തോടു ചോദിക്കണമെന്നായിരുന്നു എം.വി ഗോവിന്ദന്‍റെ പ്രതികരണം. എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നു പറഞ്ഞ എം.വി ഗോവിന്ദൻ പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും വ്യക്തമാക്കി.

യൂണിഫോം സിവിൽ കോഡിനെതിരെ ഏറെ കൊട്ടിഘോഷിച്ച് സിപിഎം ഇന്ന് കോഴിക്കോട് സെമിനാർ നടത്തുമ്പോഴാണ് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ പരിപാടിയിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇന്നലെ എകെജി സെന്‍ററിൽ ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും ഇപി പങ്കെടുത്തിരുന്നില്ല. പാർട്ടിയുമായി ഏറെക്കാലമായി അഭിപ്രായ ഭിന്നതയിലുള്ള ഇ.പി ജയരാജൻ മറ്റൊരു പരിപാടിയിൽ പങ്കെടുക്കുവാനാണ് ഇന്ന് പുലർച്ചെ തലസ്ഥാനത്ത് എത്തിയത്. ഇ.പി ജയരാജൻ വിട്ടുനിൽക്കുന്നത് സെമിനാറുമായി ബന്ധപ്പെട്ട് സിപിഎമ്മിനുള്ളിൽ തന്നെ ഉയർന്ന അനൈക്യത്തെ തന്നെയാണ് പ്രകടമാക്കുന്നത്.

യൂണിഫോം സിവിൽ കോഡ് രാഷ്ട്രീയ ആയുധമാക്കി മുതലെടുപ്പ് നടത്തുവാനുള്ള സിപിഎം നീക്കം തുടക്കത്തിലേ പാളിയിരുന്നു. ഇതിനു പിന്നാലെ തിരിച്ചടികൾ ഒന്നൊന്നായി നേരിട്ട് സിപിഎം ഏറെ വെട്ടിലായിക്കഴിഞ്ഞു. അവസാന പിടിവള്ളിയെന്ന നിലയില്‍ തട്ടിക്കൂട്ടിയ സെമിനാറിലും ഇ.പിയുടെ നിലപാട് കനത്ത പ്രഹരമായി. യൂണിഫോം സിവിൽ കോഡ് വൻ പ്രചാരണ ആയുധമാക്കാൻ ഇറങ്ങിയ സിപിഎമ്മിന്‍റെ ഇരട്ടത്താപ്പ് കോൺഗ്രസ് ശക്തമായി തുറന്നു കാട്ടിയതോടെയാണ് സിപിഎം വെട്ടിലായത്. ഇക്കാര്യത്തിൽ ഇഎംഎസ് നേരത്തെ സ്വീകരിച്ച നിലപാടാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയത്.ഏക സിവില്‍ കോഡ് വേണമെന്ന ഇഎംഎസിന്‍റെ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞോയെന്ന് സിപിഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടതോടെ സിപിഎമ്മിന് ഉത്തരംമുട്ടി. ഏക സിവിൽ കോഡിന്‍റെ പിതാവാണ് ഇഎംഎസ് എന്ന ആരോപണവും പ്രതിപക്ഷ നിരയിൽ നിന്നും ഉയർന്നു. ഇതോടെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാനാകാതെ സിപിഎം ഒളിച്ചുകളി തുടരുകയായിരുന്നു. ഇതിനിടയിലാണ് മുസ്‌ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിക്കുകയും അവർ പങ്കെടുക്കില്ല എന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തത്. ഇതിൽ കനത്ത തിരിച്ചടിയാണ് സിപിഎം നേതൃത്വത്തിന് നേരിടേണ്ടിവന്നത്. ലീഗിനെ ക്ഷണിച്ചുകൊണ്ട് യുഡിഎഫിൽ ഒരു വിള്ളൽ ഉണ്ടാക്കാം എന്ന് കൂടി സിപിഎം ലക്ഷ്യമിട്ടിരുന്നു. എന്നാൽ അത് അക്ഷരാർത്ഥത്തിൽ സിപിഎമ്മിന് തന്നെ തിരിച്ചടിയായി ഇടതുമുന്നണിയിൽ അസ്വരസ്യങ്ങൾ ഉയർത്തി.

മുസ്‌ലിം ലീഗിനെ ക്ഷണിച്ചതിലുള്ള അതൃപ്തി ഉയർത്തിയ സിപിഐ, തങ്ങളുടെ മുതിർന്ന നേതാക്കളെ സെമിനാറിൽ പങ്കെടുപ്പിക്കില്ലെന്ന് വ്യക്തമാക്കി. സിപിഎം സെമിനാറിന് ഇടതുമുന്നണിയുടെ പൂർണ്ണ പിന്തുണ ലഭിക്കാതായതിനിടയിലാണ് പാർട്ടിക്കുള്ളിൽനിന്ന് ഇ.പി ജയരാജൻ കൂടി തിരിച്ചടി നൽകിയത്. ഇതിനു പുറമേ നിലപാടുകളിൽ വളരെ വലിയ വൈരുദ്ധ്യമാണ് സിപിഎം സെമിനാറിൽ പങ്കെടുക്കുന്ന സംഘടനകളിൽ നിലനിൽക്കുന്നത്. ഏക വ്യക്തിനിയമം ഒരിക്കലും നടപ്പാക്കരുതെന്ന ആവശ്യമാണ് മുസ്‌ലിം സംഘടനകൾ എന്നും മുന്നോട്ടു വെച്ചിട്ടുള്ളത്. എന്നാൽ വ്യക്തിനിയമങ്ങൾ ചർച്ച ചെയ്തു പരിഷ്കരിക്കണമെന്ന വാദമാണ് സിപിഎം പുലർത്തുന്നത്. ഏക വ്യക്തിനിയമം സംബന്ധിച്ച് ഇരുവിഭാഗത്തിന്‍റെയും നിലപാടുകൾ രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നു എന്നുതന്നെയാണ്ഇതിൽ നിന്ന് വ്യക്തമാകുന്നത്. ഇതുതന്നെയാണ് സെമിനാറിൽ പങ്കെടുക്കുന്നുണ്ടെങ്കിലും സമസ്തയിലെ വലിയൊരു വിഭാഗം ഉയർത്തിക്കാട്ടുന്നതും. സമസ്ത സെമിനാറിൽ പങ്കെടുക്കാമെന്ന് തീരുമാനിച്ച ശേഷം എം.വി ഗോവിന്ദൻ നടത്തിയ പരാമർശം സമസ്തയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നു. അവർ എം.വി ഗോവിന്ദന്‍റെ നിലപാടിനെതിരെ പ്രസ്താവന ഇറക്കുന്ന സാഹചര്യം തന്നെയുണ്ടായി. ഇത്തരത്തിൽ നിലപാടുകളിലും ആശയങ്ങളിലും ഭിന്നത നിലനിൽക്കുന്ന വേളയിലാണ് സിപിഎം ഇന്ന് സെമിനാറുമായി മുന്നോട്ടു പോകുന്നത്. സിപിഎം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി ഇന്നു വൈകിട്ട് നാലു മണിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും.