കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ കരം അടയ്ക്കാനുള്ള സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അപാകതകള്‍ ഉണ്ടാകരുതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടായി രണ്ടു വര്‍ഷമായിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ നിരാഹാര സമരം അനുഷ്ഠിച്ചിരുന്നു. സമരപന്തലില്‍ പ്രത്യാശ ദീപം തെളിയിക്കാനെത്തിയപ്പോഴാണ് പ്രതിപക്ഷ നേതാവ് സംസാരിച്ചത്.
ഇപ്പോള്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമെന്ന് പറയുന്നത് കാപട്യം. പ്രതിപക്ഷം അവസരോചിതമായി ഇടപെട്ടതുകൊണ്ടാണ് മുനമ്പം പ്രശ്‌നം വഷളാകാത്തിരുന്നത്. പാണക്കാട് തങ്ങളും ബിഷപ്പുമാരും അവസരത്തിനൊത്ത് ഉയര്‍ന്നു. സംഘപരിവാറിന്‍റെ അജണ്ടയ്ക്ക് സര്‍ക്കാര്‍ കുട പിടിക്കുകയാണ്. മുനമ്പം സന്ദര്‍ശനം ക്രിസ്മസിന് മുന്‍പ് തന്നെ തീരുമാനിച്ചതെന്നും വി. ഡി. സതീശന്‍ പറഞ്ഞു.
മുനമ്പം ഭൂവിഷയത്തില്‍ സമരം നടത്തുന്നവര്‍ക്ക് ആദ്യം പിന്തുണ കൊടുത്തത് തങ്ങളാണെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. റവന്യൂ അവകാശം വാങ്ങി നല്‍കുന്നത് വരെ അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തീരപ്രദേശത്തും തീരശോഷണം നടന്നുകൊണ്ടിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം രൂക്ഷമായി. നന്മയുടെ ഭാഗത്താണ് ലത്തീന്‍ സഭ എന്നും നിന്നിട്ടുള്ളതെന്നും ഈ പോരാട്ടം തുടരുക തന്നെ ചെയ്യണമെന്നും വി. ഡി. സതീശന്‍ പറഞ്ഞു.