ഇംഗ്ലീഷ് ഇന്ത്യ ക്ലേ: കളിമണ്‍ ഖനനം നിരോധിച്ചു

Monday, January 7, 2019

ന്യൂദല്‍ഹി: തിരുവനന്തപുരം മംഗലപുരം വെയിലൂര്‍ വില്ലേജില്‍ ഇംഗ്ലീഷ് ഇന്ത്യ ക്ലേ ലിമിറ്റഡ് നടത്തിവരുന്ന കളിമണ്‍ ഖനനം നിയമവിരുദ്ധമെന്ന് സുപ്രീംകോടതി. ഇതോടെ ഖനനത്തിന് നിരോധനം നിലവില്‍ വന്നിരിക്കുകയാണ്.

ഇതുസംബന്ധിച്ച ഹൈക്കോടതി വിധിയെ ശരിവെച്ചാണ് ഇന്ന് സുപ്രീംകോടതിയുടെ വിധി. ഖനന പ്രദേശത്തിന് അഞ്ചു ഹെക്ടറില്‍ കൂടുതല്‍ വിസ്തൃതിയുണ്ടെങ്കില്‍ മുന്‍കൂര്‍ പരിസ്ഥിതി അനുമതി വേണമെന്ന വ്യവസ്ഥ പാലിച്ചില്ലെന്ന് വിലയിരുത്തിയാണിത്. ഇവിടെ ഇനി ഖനനം പാടില്ല.

ഖനനം ചോദ്യംചെയ്ത് സ്ഥലവാസികള്‍ നല്‍കിയതും ഖനനാനുമതി നിഷേധിച്ച കളക്ടറുടെ ഉത്തരവിനെതിരേ കമ്പനി നല്‍കിയതുമായ ഹര്‍ജികളെത്തുടര്‍ന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെയാണ് ഇപ്പോള്‍ സുപ്രീംകോടതിയും ശരിവെച്ചിരിക്കുന്നത്.