വായ്പ തിരിച്ചടവിനെ ചൊല്ലി ബാങ്ക് അധികൃതരുമായി തര്‍ക്കം; മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു

കൊച്ചി ഏലൂരില്‍ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. പരിസ്ഥിതി പ്രവർത്തകനായ വി ജെ ജോസാണ് മരിച്ചത്. വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നിയോഗിച്ചവർ വീട്ടിലെത്തിയിരുന്നു. വാഹന വായ്പ തവണ മുടങ്ങിയതിനെ തുടർന്നുള്ള ബാങ്ക് ജീവനക്കാരുടെ ഭീഷണിയെ തുടര്‍ന്ന് ജോസ് സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. തിരിച്ചടവിന് സാവകാശം തേടിയെങ്കിലും അനുവദിച്ചില്ലെന്നാണ് വീട്ടുകാരുടെ ആരോപണം.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ജോസിന്‍റെ വീട്ടിലേക്ക് ബാങ്കിന്‍റെ ആളുകള്‍ എത്തിയത്. മകന്‍റെ പേരില്‍ ഒരു സ്‌കൂട്ടര്‍ വാങ്ങിയിരുന്നു. മകനാണ് ഇതിന്‍റെ സി.സി അടച്ചുകൊണ്ടിരുന്നത്. രണ്ടുമാസത്തെ അടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

എച്ച്.ഡി.എഫ്.സി ബാങ്കിലെ ജീവനക്കാരാണ് ഇന്ന് വീട്ടിലെത്തിയത്. പണം അടച്ചില്ലെങ്കില്‍ വാഹനം കൊണ്ടുപോകുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തി. ജോസിന്റെ മകന്റെ വിവാഹം അടുത്തമാസം നടക്കാനിരിക്കുകയാണ്. ഇതെല്ലാം കൂടിയായപ്പോള്‍ അദ്ദേഹത്തിന് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. മാനസിക സമ്മര്‍ദ്ദം മൂലമാണ് ജോസ് മരിച്ചതെന്നാണ് മകന്‍ ജോയല്‍ ആരോപിക്കുന്നത്.

ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

രണ്ടുമാസത്തെ അടവ് മുടങ്ങിയത് തിരിച്ചടയ്ക്കാന്‍ 30-ആം തീയതിവരെ അവധി ചോദിച്ചിരുന്നുവെന്നും എന്നാല്‍ അതിനിടയിലും ബാങ്ക് ജീവനക്കാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

deathkochiBank Loanseizure
Comments (0)
Add Comment