STARLINK INTERNET| ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉടന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കും; ഔദ്യോഗികമായി ലൈസന്‍സ് നല്‍കി; പ്രതിമാസ പ്ലാനുകള്‍ ഇങ്ങനെ

Jaihind News Bureau
Saturday, August 2, 2025

രാജ്യത്ത് ഉപഗ്രഹ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാന്‍ എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിന് ഇന്ത്യ ഔദ്യോഗികമായി ലൈസന്‍സ് നല്‍കി. ഇത് രാജ്യത്തെ ഗ്രാമീണ, വിദൂര പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയില്‍ ആദ്യമായി സെല്ലുലാര്‍ ഫോണ്‍ കോള്‍ നടന്നതിന്റെ 30-ാം വാര്‍ഷിക ദിനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം. സ്റ്റാര്‍ലിങ്കിന് ലൈസന്‍സ് ലഭിച്ചതായി കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സ്ഥിരീകരിച്ചു.

ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഏകീകൃത ലൈസന്‍സ് സ്റ്റാര്‍ലിങ്കിന് ലഭിച്ചു. അതോടൊപ്പം സ്‌പെക്ട്രം അനുവദിക്കുന്നതിനും ഗേറ്റ്വേ സ്ഥാപിക്കുന്നതിനുമുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. റെഗുലേറ്ററി പരിശോധനകളും സ്‌പെക്ട്രം വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും കാരണമാണ് ലൈസന്‍സ് ലഭിക്കാന്‍ കാലതാമസം നേരിട്ടത്.

2021-ല്‍ ആരംഭിച്ച ലൈസന്‍സ് നടപടികള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അന്തിമ അനുമതി ലഭിച്ചത്. സ്റ്റാര്‍ലിങ്ക് ഹാര്‍ഡ്വെയര്‍ കിറ്റിന് ഏകദേശം 33,000 രൂപയും, പ്രതിമാസ ഡാറ്റയ്ക്ക് ഏകദേശം 3,000 രൂപയും ഈടാക്കാന്‍ സാധ്യതയുണ്ട്. ഇന്റര്‍നെറ്റ് വേഗത 25 Mbps മുതല്‍ 220 Mbps വരെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിമാസം 850 രൂപയുടെ പ്രൊമോഷണല്‍ പ്ലാനുകളും പരിഗണനയിലുണ്ട്. ആദ്യഘട്ടത്തില്‍ 2 ദശലക്ഷം ഉപയോക്താക്കളെ ലക്ഷ്യമിട്ട്, വിദൂര പ്രദേശങ്ങളിലാണ് പ്രധാനമായും സേവനം ആരംഭിക്കുക.

നിലവില്‍, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ഉപഗ്രഹ സ്‌പെക്ട്രം വിതരണത്തിനുള്ള ചട്ടക്കൂട് തയ്യാറാക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതുവരെ സ്റ്റാര്‍ലിങ്കിന്റെ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കില്ല. ഫൈബര്‍ ശൃംഖലകള്‍ എത്താത്ത വിദൂര പ്രദേശങ്ങളില്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ണായകമാകും. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐ.എ.എം.എ.ഐ) റിപ്പോര്‍ട്ട് അനുസരിച്ച്, ഗ്രാമീണ ജനസംഖ്യയുടെ 65% പേര്‍ക്കും ഇപ്പോഴും ഇന്റര്‍നെറ്റ് ലഭ്യമല്ല. ഈ സാഹചര്യത്തില്‍ സ്റ്റാര്‍ലിങ്ക് പോലുള്ള സേവനങ്ങള്‍ ഡിജിറ്റല്‍ വിഭജനം കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.