തിരഞ്ഞെടുപ്പ് അട്ടിമറി, പോലീസ് നരനായാട്ട്; പ്രതിഷേധം കടുപ്പിച്ച് കെഎസ്‌യു: സെക്രട്ടേറിയറ്റ് മാർച്ചില്‍ സംഘർഷം

Jaihind Webdesk
Tuesday, November 7, 2023

 

തിരുവനന്തപുരം: കഴിഞ്ഞദിവസം കെഎസ്‌യു പ്രവർത്തകർക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് ഇന്നും കെഎസ്‌യു ശക്തമായ പ്രതിഷേധമുയർത്തി. സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പോലീസും പ്രവർത്തകരും തമ്മിൽ ഇന്നും സംഘർഷാവസ്ഥയുണ്ടായി.

കഴിഞ്ഞദിവസം കെഎസ്‌യു പ്രവർത്തകർക്ക് നേരെ ഉണ്ടായ പോലീസ് അതിക്രമത്തിനെതിരെയാണ് ഭരണസിരാകേന്ദ്രത്തിലേക്ക് ഇന്നു കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. പാളയത്തുനിന്ന് പ്രകടനമായെത്തിയ കെഎസ്‌യു പ്രവർത്തകരെ പോലീസ് തടഞ്ഞെങ്കിലും പ്രവർത്തകർ ശക്തമായ പ്രതിഷേധമുയർത്തി.

ജനാധിപത്യ സമരങ്ങളെ അടിച്ചമർത്താനുള്ള പോലീസ് നീക്കത്തിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്ന് സമരം ഉദ്ഘാടനം ചെയ്ത കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് യദുകൃഷ്ണൻ പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ പോലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും വാക്കേറ്റവുമുണ്ടായി.

പിന്നീട് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഏറെനേരം പ്രതിഷേധിച്ചശേഷം പ്രവർത്തകർ പ്രകടനമായി പാളയത്തേക്ക് മടങ്ങി.
കഴിഞ്ഞദിവസത്തെ പോലീസ് അതിക്രമത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടും കേരളവർമ്മ കോളേജിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ടും സമരം കൂടുതൽ ശക്തമാക്കാനാണ് കെഎസ്‌യു തീരുമാനിച്ചിരിക്കുന്നത്.