
കേരളത്തിൽ ഇത്തവണ ഭരണമാറ്റം ഉറപ്പാണെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും മുതിർന്ന കോൺഗ്രസ് പ്രവര്‍ത്തക സമതി അംഗം രമേശ് ചെന്നിത്തല. ഹരിപ്പാട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാരിനോട് കേരളം ‘ഗുഡ് ബൈ’ പറയുന്ന കാഴ്ചയാണ് വോട്ടെടുപ്പ് ദിനത്തിൽ കാണുന്നതെന്നും, ജനങ്ങൾ മാറ്റത്തിനായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോളിംഗ് ബൂത്തുകളിൽ അനുഭവപ്പെടുന്ന വലിയ തിരക്ക് യുഡിഎഫിന് അനുകൂലമായ തരംഗത്തിന്റെ സൂചനയാണെന്ന് ചെന്നിത്തല അവകാശപ്പെട്ടു. ശബരിമലയിലെ സ്വർണം കൊള്ളയടിച്ചവർക്ക് വിശ്വാസികൾ വോട്ട് ചെയ്യില്ലെന്നും അദ്ദേഹം ആരോപിച്ചു. അഴിമതിയിലും ദുർഭരണത്തിലും മനംമടുത്ത ജനങ്ങൾ യുഡിഎഫ് ഭരണം തിരികെ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരെയും സിപിഎമ്മിനെതിരെയും കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്. തിരഞ്ഞെടുപ്പിൽ ബിജെപി വ്യാപകമായി പണമൊഴുക്കുന്നുണ്ടെന്നും അധാർമ്മികമായ നടപടികളാണ് അവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഹരിപ്പാട് ലോക്സഭാ മണ്ഡലത്തിൽ സിപിഎം വോട്ടുകൾ ബിജെപിക്ക് മറിച്ച് നൽകിയെന്നും, ഇരു പാർട്ടികളും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും ചെന്നിത്തല ആരോപിച്ചു.