പ്രചാരണത്തില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി ശശി തരൂരും അടൂര്‍ പ്രകാശും

Jaihind Webdesk
Friday, April 19, 2019

പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ തിരുവനന്തപുരം ജില്ലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ ബഹുദൂരം മുന്നിൽ. യു.ഡി.എഫ് സ്ഥാനാർത്ഥികളായ ശശി തരൂരും അടൂർ പ്രകാശുമാണ് പ്രചാരണം ഊർജിതമാക്കി മുന്നേറുന്നത്.

ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും യു.ഡി.എഫിന്‍റെ പ്രചാരണപരിപാടികൾ ഊർജിതമായി മുന്നേറുമ്പോൾ സി.പി.എമ്മും ബി.ജെ.പിയും ഏറെ പിന്നിലാണ്. ശബരിമല വിഷയമുയർത്തി വോട്ട് ധ്രുവീകരണത്തിന് ബി.ജെ.പി ശ്രമിക്കുമ്പോൾ രണ്ടിടത്തും ഇടതുപക്ഷം വലിയ തിരിച്ചടി നേരിടുമെന്നാണ് വിലയിരുത്തൽ. തിരുവനന്തപുരം മണ്ഡലത്തിൽ പണക്കൊഴുപ്പും വർഗീയ പ്രചാരണവും നടത്തുന്ന ബി.ജെ.പിയെ പലയിടത്തും ജനങ്ങൾ തിരസ്‌കരിക്കുകയാണ്. ഇപ്പോൾ വിശ്വാസ സംരക്ഷകന്‍റെ മേലങ്കിയണിഞ്ഞ് എത്തിയ കുമ്മനം രാജശേഖരൻ ശബരിമല വിഷയമുണ്ടായപ്പോൾ എന്തുകൊണ്ടാണ് ഗവർണർ സ്ഥാനം രാജിവെക്കാത്തതെന്നാണ് ജനങ്ങളുടെ ചോദ്യം. ശബരിമല പൂങ്കാവനത്തിലടക്കം അക്രമം അഴിച്ചു വിട്ട ബി.ജെ.പി എന്തുകൊണ്ട് ശബരിമല വിഷയത്തിൽ നിയമനിർമാണത്തിനോ ഓർഡിനൻസിനോ തുനിഞ്ഞില്ലെന്ന ചോദ്യത്തിനും ബി.ജെ.പിക്കും സംഘപരിവാറിനും മറുപടിയില്ല.

നേമത്തും വട്ടിയൂർക്കാവിലുമടക്കം വൻ ലീഡിലേക്ക് ഉയരുമെന്ന വിലയിരുത്തലിൽ യു.ഡി.എഫ് മുന്നേറുമ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിലെ മിക്കയിടത്തും അടൂർ പ്രകാശിന്‍റെ വ്യക്തമായ മേധാവിത്വമാണുള്ളത്. ആറ്റിങ്ങലിൽ ശോഭ സുരേന്ദ്രൻ പ്രചാരണരംഗത്ത് അപ്രസക്തമായപ്പോൾ തിരുവനന്തപുരത്ത് സി ദിവാകരൻ ബഹുദൂരം പിന്നിലായി. ഇതിനുപുറമേ നോട്ട് നിരോധനവും 15 ലക്ഷം അക്കൗണ്ടിലിട്ട് നൽകാമെന്ന് പറഞ്ഞ മോദിയുടെ കള്ളപ്രചാരണവും കേന്ദ്ര സർക്കാരിന്‍റെ സമസ്ത മേഖലയിലെ ഭരണപരാജയവും ബി.ജെ.പിയെ തിരിഞ്ഞു കൊത്തുകയാണ്.