രാജ്യത്തിന്‍റെ രാഷ്ട്രീയ സ്വത്വം കോണ്‍ഗ്രസ്സ് ആശയങ്ങളിലേക്ക് തിരികെ വരുന്നതിന്‍റെ സൂചനയാണ് ഹരിയാന, മഹാരാഷ്ട്ര സംഭവങ്ങള്‍ നല്‍കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ്

രാജ്യത്തിന്‍റെ രാഷ്ട്രീയ സ്വത്വം കോണ്‍ഗ്രസ്സ് പ്രതിനിധാനം ചെയ്യുന്ന  ആശയങ്ങളിലേക്ക് തിരികെ വരുന്ന കാഴ്ചയാണ് ഹരിയാന, മഹാരാഷ്ട്രാ എന്നീ സംസ്ഥാനങ്ങളിലെ  തെരഞ്ഞെടുപ്പുകളുടെ പരിണാമം സൂചിപ്പിക്കുന്നതെന്ന്  കോണ്‍ഗ്രസ്സ് പാര്‍ലമെന്‍ററി പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച കോണ്‍ഗ്രസ്സ് പാര്‍ലമെന്‍ററി പാര്‍ട്ടി ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള നേതൃത്വത്തിന്‍ കീഴില്‍  കോണ്‍ഗ്രസ്സ് പ്രസ്ഥാനം തെരഞ്ഞെടുപ്പുകളില്‍  തിളങ്ങുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ പിന്‍മാറ്റത്തിന്‍റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയുടെ ലംഘനവും ഗവര്‍ണ്ണര്‍ പോലെയുള്ള സുപ്രധാന പദവികളുടെ ദുരുപയോഗവും നിരന്തരം നടത്തി വരുന്ന ബി.ജെ.പിക്ക്  കോടതി നല്‍കിയ മുഖമടച്ചുള്ള പ്രഹരമാണ് മഹാരാഷ്ട്രയിലെ കുതിരക്കച്ചവടത്തിനെതിരെയുള്ള കോടതി വിധി. അതോടൊപ്പം തന്നെ കോണ്‍ഗ്രസ്സിന്‍റെ ധാര്‍മ്മികതയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച വിശാല വികസന സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുന്നത് ഏതൊരു ജനാധിപത്യ വിശ്വാസിക്കും ആശ്വാസമേകുന്ന വാര്‍ത്തയാണ്.

മഹാരാഷ്ട്ര സംഭവത്തില്‍ കോണ്‍ഗ്രസ്സ് എം.പിമാര്‍ ലോകസഭയില്‍ നടത്തിയ ശക്തമായ പ്രതിഷേധസമരത്തെ മാര്‍ഷല്‍മാരെ വച്ച് തകര്‍ക്കാന്‍ നോക്കിയ  ഭരണകക്ഷിയുടെ നടപടികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച കോണ്‍ഗ്രസ്സ് അദ്ധ്യക്ഷയുടെ സംരക്ഷണത്തിന്‍ കീഴില്‍ ഓരോ സമാജികരും  കോണ്‍ഗ്രസ്സ് എന്ന ആശയവും സുരക്ഷിതമാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഇതേ സംരക്ഷണമാണ് കാലാകാലങ്ങളായി കോണ്‍ഗ്രസ്സിന്‍റെ പ്രധാനമന്ത്രിമാര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കി വരുന്നത്.

ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യങ്ങളുടെ രൂപീകരണവും ചിട്ടയായ പ്രവര്‍ത്തനങ്ങളും വഴി ഝാര്‍ഖണ്ഡ്  തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസ്സ് വന്‍ വിജയം നേടും. അതോടൊപ്പം തന്നെ കൃത്യതയാര്‍ന്ന മുന്നൊരുക്കങ്ങള്‍ കൊണ്ട് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ആത്മവിശ്വാസം വര്‍ദ്ധിച്ചിട്ടുമുണ്ട്. 

നിരന്തരമായ സമര പ്രക്ഷോഭ പരിപാടികള്‍, പ്രദേശ് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്മാര്‍, നിയമസഭാ കക്ഷി നേതാക്കള്‍,  എന്നിവരുമായി തുടര്‍ സമ്പര്‍ക്കങ്ങള്‍ ഇവയെല്ലാം തന്നെ കൃത്യമായ ആസൂത്രണത്തോടെ ജനവിരുദ്ധരായ മോദി സര്‍ക്കാരിനെ നേരിടാന്‍ സജ്ജമാക്കുന്നതില്‍  സോണിയാ ഗാന്ധിയുടെ നേതൃത്വം വഹിക്കുന്ന പങ്ക് നിസീമമാണ്.

‘ജനാധിപത്യത്തിന്‍റെ ഹത്യ നടന്നിരിക്കുന്നു’ എന്ന രാഹുല്‍ ഗാന്ധിയുടെ സന്ദേശം രാജ്യമെമ്പാടും പ്രതിധ്വനിക്കുകയും  മഹാരാഷ്ട്രയിലെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനെതിരെയുള്ള ശക്തമായ സമരവിളംബരമായി മാറുകയും ചെയ്തു. മോദി സര്‍ക്കാരിനെതിരെയുള്ള ജനരോക്ഷം ഉള്‍ക്കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ രാജ്യം പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്.

ഭരണഘടനയെ അധാര്‍മ്മികത കൊണ്ട് മലിനപ്പെടുത്തിയ മോദി സര്‍ക്കാര്‍ തന്നെ ഭരണഘടനയുടെ കാവല്‍ക്കാരാകണമെന്ന അസംബന്ധ നാടകത്തിന്  കോണ്‍ഗ്രസ്സ് അദ്ധ്യക്ഷയുടെ നേതൃത്വത്തില്‍ ലോക്സഭാ വളപ്പില്‍ സംഘടിപ്പിച്ച ‘സംവിധാന്‍ ദിവസ്’ എന്ന സമാന്തര കൂട്ടായ്മ പ്രതിപക്ഷ കക്ഷികളുടെ പ്രാതിനിത്യം കൊണ്ട് ശ്രദ്ധേയമായി. ബാബാ സാഹിബ് അംബേദ്ക്കറിന് നല്‍കിയ ശ്രദ്ധാഞ്ജലി കൂടിയായി ഈ സമ്മേളനം മാറി. അന്നും ഇന്നും കോണ്‍ഗ്രസ്സാണ് ഭരണഘടനയുടെ പരിരക്ഷകരെന്ന് വിളിച്ചറിയിക്കുന്നതായി മാറി ഭരണഘടനാ ദിനത്തില്‍ കോണ്‍ഗ്രസ്സ് നടത്തിയ കൂട്ടായ്മ എന്നും കൊടിക്കുന്നില്‍ സുരേഷ് അഭിപ്രായപ്പെട്ടു.

രാജ്യത്ത് സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കുകയും സാധാരണക്കാരന്‍റെ ജീവിതം തകര്‍ത്തെറിയുകയും, തൊഴിലില്ലായ്മയും അരക്ഷിതാവസ്ഥയും ഇരട്ടിപ്പിച്ച മോദി സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായി സമരങ്ങള്‍ ഭാരത് ബച്ചാവോ റാലിയും, ഗാന്ധി ജയന്തിയോടെ ആരംഭിച്ച  വാര്‍ഷിക പ്രക്ഷോഭ പരിപാടിയും  ഉള്‍പ്പെടെയുള്ള സമരങ്ങളുടെ, പ്രതിരോധങ്ങളുടെ മുന്‍പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്നുമുണ്ടാകുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു

Kodikkunnil Suresh
Comments (0)
Add Comment