പിണറായി മാധ്യമങ്ങള്‍ക്കെതിര്: അപലപിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ്‌

Jaihind Webdesk
Monday, December 17, 2018

ന്യൂദല്‍ഹി: മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന കേരള സര്‍ക്കാറിന്റെ പുതിയ നിര്‍ദ്ദേശത്തെ എതിര്‍ത്ത് എഡിറ്റേഴ്‌സ് ഗില്‍ഡ്. മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ക്കായി മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും നേരിട്ട് സമീപിക്കുന്നത് നവംബര്‍ 15ന് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശപ്രകാരം വിലക്കിയിരുന്നു.

പി.ആര്‍.ഡി വഴി മാത്രമെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ക്കായി മുഖ്യമന്ത്രിയെയും മറ്റും സമീപിക്കാനാകൂ. ഈ സര്‍ക്കുലര്‍ നിയമസഭയില്‍ ഉള്‍പ്പടെ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനെതിരെയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.
മന്ത്രിമാരില്‍നിന്നും രാഷ്ട്രീയപ്രവര്‍ത്തകരില്‍നിന്നും വാര്‍ത്തകള്‍ സംബന്ധിച്ച വിവരം തേടുന്നതിനെ വിലക്കുന്നതാണ് സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍. മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുന്നതാണ് സര്‍ക്കാരിന്റെ ഉത്തരവെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. ഇത് പത്രസ്വാതന്ത്ര്യത്തിനെതിരാണെന്നും അവര്‍ വ്യക്തമാക്കുന്നു.

എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും കാണുന്നതിന് മാധ്യമപ്രവര്‍ത്തകര്‍ പി.ആര്‍.ഡിയുടെ അനുമതിക്കായി സമീപിക്കേണ്ടതുണ്ടെന്നും മാധ്യമനിയന്ത്രണ സര്‍ക്കുലറില്‍ പറയുന്നുണ്ട്. അടിയന്തരമായി ഈ ഉത്തരവ് പിന്‍വലിക്കണമെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ അക്രഡിറ്റേഷനോ പ്രവേശന പാസുകളോ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമെ സെക്രട്ടേറിയറ്റിലെ വിവിധ വകുപ്പുകളില്‍ പ്രവേശിക്കാനാകുകയുള്ളു.

സെക്രട്ടറിയേറ്റില്‍ സന്ദര്‍ശകര്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് മാത്രമായി മാധ്യമപ്രവര്‍ത്തകരുടെ പ്രവേശനം പരിമിതപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
മേഘാലയ ഹൈക്കോടതിയില്‍ ജഡ്ജിമാര്‍ക്ക് അനുവദിക്കപ്പെട്ട അധിക സൌകര്യങ്ങളെയും ആനുകൂല്യങ്ങളെയുംകുറിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിന് പിന്നീലെ ഷില്ലോങ് ടൈംസ് പത്രാധിപര്‍ പട്രീഷ്യാ മൂകിമിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനെയും എഡിറ്റേഴ്‌സ് ഗില്‍ഡ് വിമര്‍ശിച്ചു. ന്യായാധിപന്‍മാര്‍ വിമര്‍ശനങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കേണ്ടത് ആവശ്യമാണെന്നും എഡിറ്റേഴ്‌സ് ഗില്‍ഡ് പ്രസ്താവനയില്‍ പറയുന്നു.