കുമ്പസാരത്തെ അവഹേളിച്ച് സര്‍ക്കാര്‍ പ്രസിദ്ധീകരണം; നടപടി വേണമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Sunday, October 28, 2018

ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന കുമ്പസാരത്തെ അവഹേളിച്ച് കേരളാ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിജ്ഞാന കൈരളി മാസിക എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തണണെന്നും മാസികയുടെ ലക്കങ്ങള്‍  പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നാഷണല്‍ സര്‍വീസ് സ്‌കീം വളന്‍റിയര്‍മാര്‍ വഴി സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന മാസികയാണിത്. ഇതിന്‍റെ ഓഗസ്റ്റ്, ഒക്ടോബര്‍  ലക്കങ്ങളിലെ എഡിറ്റോറിയലാണ് കുമ്പസാരത്തെ അവഹേളിക്കുന്ന പരാമര്‍ശം ഉള്ളത്. ഇത് കുട്ടികളില്‍ തെറ്റിദ്ധാരണയും മതസ്പര്‍ധയും സൃഷ്ടിക്കും.

ഒരു സര്‍ക്കാര്‍ പ്രസിദ്ധീകരണത്തില്‍ ഒരു മതാനുഷ്ഠാനത്തെയും അവഹേളിക്കുന്ന തരത്തിലുള്ള  പരാമര്‍ശങ്ങള്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇത് കുട്ടികള്‍ക്കിടയില്‍ വിതരണം ചെയ്യുന്നു എന്നത് ഇതിന്‍റെ ഗൗരവം വര്‍ധിപ്പിന്നു. മതേതര സങ്കല്‍പത്തിന് പോറലേല്‍പിക്കുന്നതുമാണ് ഈ നടപടി. ഇക്കാര്യത്തില്‍ അന്വേഷണം നടത്തി ശക്തമായ  നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.