ധൂർത്ത്, കടമെടുപ്പ്, കെടുകാര്യസ്ഥത; പൊളിഞ്ഞടുങ്ങി കേരളത്തിന്‍റെ സാമ്പത്തികസ്ഥിതി

Jaihind Webdesk
Sunday, October 29, 2023

 

തിരുവനന്തപുരം: കടമെടുത്ത് കടമെടുത്ത് കടമെടുക്കുവാൻ പോലും കഴിയാത്ത പരിതാപകരമായ അവസ്ഥയിലേക്ക് കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി കൂപ്പുകുത്തി. കേന്ദ്ര വിഹിതം അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ നവംബറിനു ശേഷം സംസ്ഥാനത്തിന്‍റെ ദൈനംദിന ചിലവുകള്‍ വരെ മുടങ്ങുന്ന സ്ഥിതിവിശേഷത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങളും ക്ഷേമ പദ്ധതികൾക്കുള്ള ആനുകൂല്യ വിതരണവും സാമ്പത്തിക പ്രതിസന്ധി മൂലം താളം തെറ്റിയിട്ട് മാസങ്ങളായി.

വരവറിയാതെയുള്ള ചിലവും തിരിച്ചടക്കാന്‍ വഴി കാണാതെയുള്ള കടമെടുപ്പും സർക്കാരിന്‍റെ ധൂര്‍ത്തും
ധനകാര്യ മാനേജ്മെന്‍റിലെ വീഴ്ചകളും സംസ്ഥാനത്തെ പരിതാപകരമായ സാമ്പത്തിക പ്രതിസന്ധിയിൽ ആഴ്ത്തിയിരിക്കുകയാണ്. ഈ വര്‍ഷം ഇനി  കടം പോലും എടുക്കാനാകാത്ത ഗുരുതര സ്ഥിതിയിലേക്ക്  സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധി മാറിക്കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം 21,852 കോടി രൂപ കടമെടുക്കാനായിരുന്നു കേരളത്തിന് അനുമതിയുണ്ടായിരുന്നത്. അതില്‍ 21,800 കോടി രൂപയും കേരളം കടമെടുത്തു കഴിഞ്ഞു. കേവലം 52 കോടി രൂപ മാത്രമാണ് ഈ വർഷം ഇനി കേരളത്തിന് കടമെടുക്കാൻ ബാക്കിയുള്ളത്. കേന്ദ്ര വിഹിതം അടിയന്തരമായി ലഭിച്ചില്ലെങ്കില്‍ നവംബറിനു ശേഷം സംസ്ഥാനത്തിന്‍റെ ദൈനംദിന ചിലവുകള്‍ വരെ മുടങ്ങുന്ന സ്ഥിതിവിശേഷമാണുള്ളത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇപ്പോൾ തന്നെ സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ സ്തംഭിക്കുകയും
ക്ഷേമനിധി പെൻഷനുകൾ അവതാളത്തിൽ ആകുകയും ചെയ്തു. നെൽകർഷകർക്കും സപ്ലൈകോയ്ക്കും സർക്കാർ നൽകുവാനുള്ളത് കോടികളാണ്. കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ്. വിവിധ
വകുപ്പുകള്‍ക്കും  ക്ഷേമ പദ്ധതികള്‍ക്കും സർക്കാർ പണം നൽകാത്തതിന്‍റെ ആഘാതം സാധാരണക്കാരെ
സാരമായി ബാധിച്ചു കഴിഞ്ഞു.വഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലും സർക്കാർ തുടരുന്ന ധൂർത്ത് ഏറെ വിമർശനങ്ങൾ ക്ഷണിച്ചു വരുത്തുകയാണ്.