വിവിപാറ്റുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തളളി

Wednesday, May 22, 2019

VVPAT

വിവിപാറ്റുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തളളി. വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത് അന്തിമ ഫലം വൈകിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യം തള്ളിയത്. എന്നാല്‍ തങ്ങളുടെ ആവശ്യം തള്ളിയതിന്‍റെ കാരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി അറിയിച്ചില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

വോട്ടിംഗ് മെഷീനുമായി ബന്ധപ്പെട്ട ആശങ്കകള്‍ അറിയിക്കാന്‍ കഴിഞ്ഞദിവസം പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പു കമ്മീഷനെ കണ്ടപ്പോഴാണ് വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. വോട്ടെണ്ണലില്‍ എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാല്‍ വിവിപാറ്റിലെ മുഴുവന്‍ രസീതുകളും വോട്ടിംഗ് മെഷീനുകളിലെ ഫലവുമായി ഒത്തുനോക്കണെമന്നും പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. വിവിപാറ്റ് ആദ്യം എണ്ണണമെന്നും എന്തെങ്കിലും വൈരുദ്ധ്യം കണ്ടെത്തിയാല്‍ എല്ലാ വിവിപാറ്റുകളും എണ്ണണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിവിപാറ്റുകള്‍ ആദ്യം എണ്ണുന്നത് ഫലപ്രഖ്യാപനം വൈകിപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

വോട്ടിംഗ് മെഷീനിലെ തിരിമറി സംബന്ധിച്ച് നിരവധി പരാതികള്‍ ഉയർന്നിട്ടും ഇതിലൊന്നും ക്രമക്കേടില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റേത്. വടക്കന്‍ സംസ്ഥാനങ്ങളില്‍ ഇ.വി.എം കടത്തല്‍ ഉള്‍പ്പെടെ നിരവധി ക്രമവിരുദ്ധ കാര്യങ്ങള്‍ നടന്നതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട് ആശങ്ക അറിയിച്ചത്. 50 ശതമാനം വിവിപാറ്റുകള്‍ എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം സുപ്രീം കോടതിയും തള്ളിയിരുന്നു.