സംസ്ഥാനത്തെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ : തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ചര്‍ച്ച നടത്തി

സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ സംബന്ധിച്ച ക്രമീകരണങ്ങളും തയാറെടുപ്പുകളും സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അധികൃതർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണയുമായി വീഡിയോ കോൺഫറൻസിംഗിലൂടെ ചർച്ച നടത്തി. തിരുവനന്തപുരത്ത് ഒരു മാതൃകാ വോട്ടെണ്ണൽ കേന്ദ്രം സ്ഥാപിക്കാനും തീരുമാനമായി.

വോട്ടെണ്ണൽ പ്രക്രിയ, സുരക്ഷാ സംവിധാനങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുടങ്ങിയ സംബന്ധിച്ച ഒരുക്കങ്ങളാണ് മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസറുമായി നടന്ന വീഡിയോ കോൺഫറൻസിംഗിൽ കമ്മീഷൻ വിലയിരുത്തിയത്. തപാൽ ബാലറ്റ്, സർവീസ് ബാലറ്റ് തുടങ്ങിയവ എണ്ണുന്നത് സംബന്ധിച്ചും വിശദമായ ചർച്ച നടന്നു.
സംസ്ഥാനത്തെ റിട്ടേണിംഗ് ഓഫീസർമാർക്കും അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർമാർക്കും പരിശീലനം നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉദ്യോഗസ്ഥർ 15ന് കേരളത്തിൽ എത്തും. തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന മാതൃകാ വോട്ടെണ്ണൽ കേന്ദ്രത്തിൽ ഉദ്യോഗസ്ഥർ, രാഷ്ട്രീയനേതാക്കൾ, ജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വോട്ടെണ്ണൽ പ്രക്രിയ കാണാനും മനസിലാക്കാനും സൗകര്യമുണ്ടാകും.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് സീനിയർ ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ഉമേഷ് സിൻഹയുടെ നേതൃത്വത്തിൽ മുതിർന്ന ഉദ്യോഗസ്ഥരായ സന്ദീപ് സക്സേന, സുദീപ് ജെയിൻ, വി.എൻ ശുക്ള, നിഖിൽകുമാർ, ബ്രജ്ഭൂഷൺ, കെ.എഫ് വിൽഫ്രഡ് തുടങ്ങിയവർ പങ്കെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കൊപ്പം ഐ.ജി ദിനേന്ദ്ര കശ്യപ്, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ, അഡീഷണൽ സി.ഇ.ഒ ബി സുരേന്ദ്രൻ പിള്ള, ജോയിന്‍റ് സി.ഇ.ഒ കെ ജീവൻ ബാബു തുടങ്ങിയവരും പങ്കെടുത്തു.

Comments (0)
Add Comment