എം.എം. മണി പ്രതിക്കൂട്ടില്‍; ഡാമുകളില്‍ വെള്ളം നിറഞ്ഞിട്ടും ജനങ്ങളുടെ ജീവനെക്കുറിച്ച് ചിന്തിക്കാത്ത സര്‍ക്കാരിനെതിരെ ഇ. ശ്രീധരന്‍

Wednesday, January 30, 2019

തിരുവനന്തപുരം:കേരളം നേരിട്ട മഹാപ്രളയത്തിന്റെ പ്രധാനകാരണം വൈദ്യുതി വകുപ്പും ഡാം ഉദ്യോഗസ്ഥരും കാണിച്ച അലംഭാവമാണെന്ന് ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഡാമിലേക്ക് ഒഴുകിയെത്തുന്നതിന്റെ പരമാവധി വെള്ളംസംഭരിക്കാനായിരുന്നു സര്‍ക്കാരിന്റെ ശ്രമം. മഴ കനത്തിട്ടും മാറിച്ചിന്തിക്കാന്‍ കെ.എസ്.ഇ.ബിയോ ഡാം ഉദ്യോഗസ്ഥരോ തയ്യാറായില്ല. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഡാം ഉദ്യോഗസ്ഥര്‍ അവഗണിച്ചതായി കേരളത്തെ മുഴുവനായി വെള്ളത്തിനടിയിലാക്കുന്നതില്‍ കലാശിക്കുകയായിരുന്നു. കനത്ത മഴ കാരണം ഡാമുകളുടെ സംഭരണ പ്രദേശത്ത് വെള്ളത്തിന്റെ ക്രമാതീതമായി വര്‍ദ്ധിച്ചു.ഡാമുകളിലേക്കുള്ള നീരൊഴുക്കിന്റെ വേഗതകൂടി. എന്നിട്ടും പെയ്യുന്ന മഴയുടെ അളവും ഒഴുകിയെത്തുന്ന ജലത്തിന്റെ അളവും കണക്കാക്കി ഉയരുന്ന ജലനിരപ്പ് സമയം അനുസരിച്ച് നിര്‍ണ്ണയിക്കുന്നതില്‍ ഡാം ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു.

ഡാമിന്റെ ഷട്ടറുകളിലൂടെ പുറംതള്ളിയപ്പോഴും അതിന്റെ അഘാതം എത്രയെന്ന് ജനങ്ങളെ ബോധവത്കരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ പര്യാപ്തമായില്ല. തുറന്നുവിട്ട ഡാമുകളില്‍ നിന്നുള്ള വെള്ളംകാരണം നദികളിലെ ജലനിരപ്പ് എത്ര ഉയരുമെന്നോ എവിടെയൊക്കെ എത്തുമെന്നോ ഏതൊക്കെ സമയത്ത് എത്തുമെന്നോ യാതൊരു ധാരണയും വൈദ്യുതി വകുപ്പിനോ ജലവിഭവ വകുപ്പിനോ. ഡാമുകള്‍ തുറന്നത് വകുപ്പുകള്‍ തമ്മിലുള്ള ഏകോപാനമില്ലാതെയാണ്. ഇത് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ഇത്രയധികം ഡാമുകള്‍ ഒരുമിച്ച് തുറന്നാല്‍ എന്തുസംഭവിക്കുമെന്ന് മുന്‍കൂട്ടി കാണാനുള്ള ഒരു പഠനവും സര്‍ക്കാരിന്റെ കൈവശമില്ലായിരുന്നു. വിവിധ ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു കേന്ദ്രീകൃത ഏജന്‍സിയുണ്ടായിരുന്നില്ല.

പലതീരുമാനങ്ങളും സര്‍ക്കാര്‍ എടുത്തത് വൈകിയായിരുന്നു. ജലനിരപ്പ് ഉയര്‍ന്ന് പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായപ്പോഴും സര്‍ക്കാരിന്റെ പ്രതികരണം സാവധാനത്തിലായിരുന്നു. ഇത്തരത്തില്‍ നിരവധി മനുഷ്യന്‍ വരുത്തി വെച്ച ഘടകങ്ങള്‍ ഒരുമിച്ച് സംഭവിച്ചതുകൊണ്ടാണ് മഹാപ്രളയം ഉണ്ടായതെന്നാണ് ഇ. ശ്രീധരന്‍ ഹര്‍ജിയില്‍ പറയുന്നത്. അല്ലാതെ മന്ത്രി എം.എം. മണി പറയുന്നതുപോലെയല്ല കാര്യങ്ങളെന്നാണ് ഇ. ശ്രീധരന്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
കനത്ത മഴ തുടരുന്നതിനിടെ എം.എം. മണിയോട് ഇടുക്കിഡാം തുറക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതിനുള്ള സാഹചര്യം ഇല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

പിന്നീട് ഡാമിലെ ജലനിരപ്പ് പിടിച്ചാല്‍ കിട്ടാത്ത വണ്ണം ക്രമാതീതമായി ഉയര്‍ന്നപ്പോള്‍ ഡാം തുറന്നുവിടാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയായിരുന്നു. മറ്റ് ഡാമുകളും ഈ സമയത്തിന് മുമ്പും പിന്നാലെയും തുറന്നതോടെ സംസ്ഥാനത്തെ നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പ്രളയത്തില്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തുവെന്ന് വീമ്പിളക്കുന്ന വൈദ്യുതി മന്ത്രി ഇ. ശ്രീധരന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വരും..